മുംബൈയില്‍ കനത്ത മഴ; രണ്ടു മരണം, ഗതാഗതം താറുമാറായി

മുംബൈയില്‍ കനത്ത മഴ , മുംബൈ , ഗതാഗതം , മരണം
മുംബൈ| jibin| Last Modified ബുധന്‍, 22 ജൂലൈ 2015 (09:41 IST)
ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ മുംബൈയില്‍ ജനജീവിതം ദുസഹമായി. മഴയില്‍ രണ്ട്‌ പേര്‍ മരിച്ചു. അടുത്ത 48 മണിക്കൂറില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ഗതാഗതം താറുമാറായിരിക്കുകയാണ്.

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ ഹിന്ദ്മാത, കിങ് സര്‍ക്കിള്‍, വാദാല, സിയോണ്‍, മാതുങ്ക, മാഹിം, കുര്‍ള, ധാരാവി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. താനെ, പല്‍ഗാര്‍ തുടങ്ങിയ ജില്ലകളിലെ സ്കൂളുകള്‍ക്ക്‌ കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌. തെക്കന്‍ മുംബൈയിലെ കൊളാബയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 15.8 മില്ലി മീറ്റര്‍ മഴ പെയ്‌തെന്നാണ്‌ റിപ്പോര്‍ട്ട്‌.

കനത്ത മഴയെത്തുടര്‍ന്ന് വെസ്റ്റേണ്‍ റയില്‍വേയുടെ ചില എക്സ്പ്രസ് ടെയിനുകള്‍ റദ്ദാക്കി. ട്രാക്കില്‍ വെള്ളം കയറിയതോടെ കുര്‍ള, ഛത്രപതി ടെര്‍മിനല്‍സിന് ഇടയ്ക്കുള്ള ചില ലോക്കല്‍ ട്രെയിനുകളും കുറച്ചു നേരത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചു. മിക്ക ട്രെയിനുകളും 15 മുതല്‍ 20 മിനിട്ട് വരെ വൈകിയാണ് ഓടുന്നത്. ഇന്ന്‌ മുംബൈയില്‍ അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. കനത്ത മഴമൂലം റണ്‍വേ കാണാന്‍ സാധിക്കാത്തതിനാലാണ്‌ വിമാനങ്ങള്‍ റദ്ദാക്കിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :