വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമില്ലെങ്കില്‍ സ്വയം ഒഴിഞ്ഞുപോകണമെന്ന് ഗജേന്ദ്ര ചൌഹാനോട് സല്‍മാന്‍ ഖാന്‍

മുംബൈ| joys joy| Last Modified വെള്ളി, 17 ജൂലൈ 2015 (13:01 IST)
വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമില്ലെങ്കില്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട് ചെയര്‍മാന്‍ സ്ഥാനം ഗജേന്ദ്ര ചൌഹാന്‍ സ്വയം ഒഴിയണമെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ചലച്ചിത്ര വ്യവസായത്തെ മൂല്യമുള്ളതാക്കിയത് വിദ്യാര്‍ത്ഥികളാണ്. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ പറയുന്നത് പരിഗണിക്കണമെന്നും സല്‍മാന്‍ പറഞ്ഞു.

സമരം പിന്‍വലിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് സ്ഥാപനത്തിന്റെ ഡയറക്‌ടര്‍ ഡി ജെ നരേന്‍ പറഞ്ഞിരുന്നു. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂടിന്റെ ഡയറക്‌ടര്‍ സ്ഥാനത്ത് നിന്ന് ഗജേന്ദ്ര ചൌഹാനെ മാറ്റില്ലെന്നും വിദ്യാര്‍ത്ഥികളുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സല്‍മാന്‍ ഖാന്‍ എത്തിയത്.

ഗജേന്ദ്ര ചൌഹാനെ ഇന്‍സ്റ്റിറ്റ്യൂട് ചെയര്‍മാനായി നിയമിച്ചതിനെതിരെ കഴിഞ്ഞ ഒരു മാസമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. സല്‍മാനെ കൂടാതെ റിഷി കപൂര്‍, രണ്‍ബീര്‍ കപൂര്‍, അനുപം ഖേര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സന്തോഷ് ശിവന്‍ തുടങ്ങിയ പ്രമുഖരും നിയമനത്തിനെതിരെ രംഗത്തു വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :