ന്യൂഡല്‍ഹി|
jibin|
Last Updated:
ചൊവ്വ, 21 ജൂലൈ 2015 (15:18 IST)
വധശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ മുംബൈ സ്‌ഫോടന കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീകോടതി തള്ളി. ഇതോടെ യാക്കുബ് മേമന്റെ വധശിക്ഷ ജൂലൈ 30ന് നടപ്പാക്കും. മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം അടക്കം പത്തോളം പേര്‍ പ്രതികളായ കേസിലാണ് മേമനെ വധശിക്ഷയ്‌ക്ക് വിധിച്ചത്. അതേസമയം ടാഡ കോടതി വിധി നടപ്പാക്കാന്‍ മഹാരാഷ്ട്ര ജയില്‍ വകുപ്പ് ആരാച്ചാരെ തേടുകയാണ്. യാക്കൂബ് മെമന്റെ വധശിക്ഷ ജൂലായ് 30 ന് നടപ്പാക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നീക്കം ശക്തമാക്കി. നാഗ്‌പൂരിലെ സെന്‍ട്രെല്‍ ജയിലില്‍ 30ന് രാവിലെ ഏഴിന് മേമനെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്.
മേമൻ നൽകിയ ദയാഹർജി സുപ്രീംകോടതിയും രാഷ്ട്രപതിയും നേരത്തെ തള്ളിയിരുന്നു. ഇതേത്തുടർന്ന് മേമൻ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയത്. മേമന്റെ വധശിക്ഷ നാഗ്പൂർ ജയിലിലോ അതല്ലെങ്കിൽ പൂണെയിലെ യെർവാഡ ജയിലിലലോ നടപ്പാക്കുമെന്നാണ് അറിയുന്നത്. മേമനെ തൂക്കിക്കൊല്ലുന്നതിനുള്ള തീയതിയും സമയവും സംബന്ധിച്ചുള്ള അനുമതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നൽകിയിട്ടുണ്ട്. മേമന്റെ കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. മേമനെ തൂക്കിലേറ്റിയാല്‍ 1993-ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും ഇത്.
നിലവിലത്തെ സ്ഥിതിയില്‍ മേമന്റെ അപേക്ഷ സുപ്രീംകോടതി സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്നത്. കഴിഞ്ഞ ഏപ്രില്‍ വധശിക്ഷ ചോദ്യം ചെയ്തു മേമന്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ അധികൃതര്‍ വേഗത്തില്‍ നടപ്പാക്കി വരുകയാണ്. കഴിഞ്ഞ വര്‍ഷമാണ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും തള്ളിയിത്. 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.
ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീംകോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടൈഗര്‍ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി.