അഭിറാം മനോഹർ|
Last Modified ബുധന്‍, 11 ഡിസംബര്‍ 2019 (12:27 IST)
ദേശീയ പൗരത്വ നിയമഭേദഗതി ഇന്ന്
രാജ്യസഭ പരിഗണിക്കാനിരിക്കെ ബില്ലിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഗോത്രതനിമ നശിപ്പിക്കാനും അങ്ങനെ ശുദ്ധികലശം നടത്താനുമാണ് മോദി-അമിത് ഷാ സർക്കാറിന്റെ നീക്കം. ഇത് വടക്ക് കിഴക്കിനെതിരായ ആക്രമണമാണ്. അവരുടെ ജീവിതരീതിക്ക് മേലെയും രാജ്യമെന്ന കാഴ്ചപാടിനു മേലെയുമുള്ള ക്രിമിനൽ കടന്നുകയറ്റമാണ്. ഞാൻ വടക്കുകിഴക്കൻ ജനതക്ക് എന്റെ പിന്തുണ നൽകുന്നു അവരോടൊപ്പം നിൽക്കുന്നു എന്നായിരുന്നു പൗരത്വഭേദഗതി ബില്ലിനെ പറ്റിയുള്ള രാഹുൽ ഗാന്ധിയുടെ അഭിപ്രായം.
ട്വിറ്ററിലൂടെയാണ് രാഹുൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
എന്നാൽ രാഹുലിന്റെയും കോൺഗ്രസ്സിന്റെയും വിമർശനങ്ങളെ അതിലും രൂക്ഷമായ ആരോപണങ്ങൾ കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.ച്ചിലർ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലാണെന്ന് ആരോപിച്ച മോദി ബില്ലിനെതിരായി നടക്കുന്ന കള്ളപ്രചാരണങ്ങൾ ചെറുക്കണമെന്നും ആവശ്യപ്പെട്ടു. ബില്ല് രാജ്യതാത്പര്യങ്ങളെ സംരക്ഷിക്കുന്നതാണ്, ഇന്ത്യയുടെ മുന്നോട്ടു പോകലിന് അതിപ്രധാനവും, ഇന്ത്യൻ ചരിത്രത്തിൽ ബില്ല് തങ്കലിപികളാൽ എഴുതപ്പെടുമെന്നും മോദി പറഞ്ഞു.