aparna shaji|
Last Modified ബുധന്‍, 11 ജനുവരി 2017 (08:39 IST)
വിദേശയാത്രകൾ നടത്തുന്നതിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരിന്ന ആൾ ആരാണെന്ന് ചോദിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നായിരിക്കും എല്ലാവരും പറയുക. എന്നാൽ, അക്കൂട്ടത്തിൽ രാഹുൽ ഗാന്ധിയും ഉണ്ട്. ഒഴിവുകാല സഞ്ചാരം കൂടുന്നുവെന്ന് രാഹുലിന് നേരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വിമർശനം കടുത്തതോടെ ഒഴിവുകാല സഞ്ചാരത്തിൽ നിയന്ത്രണം വരുത്താൻ രാഹുൽ ഗാന്ധി തയ്യാറെടുത്തിരിക്കുകയാണ്.
11 ദിവസത്തെ ഇംഗ്ലണ്ട് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ അടുത്തയാഴ്ചത്തെ
ചൈന സന്ദർശനം റദ്ദാക്കാനാണ് ആലോചിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ, കോൺഗ്രസ് ഉപാധ്യക്ഷൻ രാജ്യത്തില്ല എന്ന കാര്യം വിമർശിക്കപ്പെട്ടിരുന്നു. പഞ്ചാബിൽ ഇന്ന് തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങുമെങ്കിലും നാൽപ്പതോളം സീറ്റുകളിലെ സ്ഥാനാർഥികളെപ്പറ്റി തീരുമാനമായിട്ടില്ല. രാഹുൽ മടങ്ങിയെത്തുന്നതിനായി തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു.
ചൈനയിൽ കമ്യൂണിസ്റ്റു പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് പോകുന്ന പാർട്ടി പ്രതിനിധി സംഘത്തെ നയിക്കേണ്ടത് രാഹുൽ ഗാന്ധി ആയിരുന്നു. രാഹുൽ പോകുമോ എന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൂല സാഹചര്യത്തിൽ രാഹുൽ പോകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
രണ്ടുവർഷം മുൻപ് രാഹുൽ 56 ദിവസത്തോളം രാജ്യത്തു നിന്ന് മാറിനിന്നത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുമ്പോഴായിരുന്നു ഇത്.