രേണുക വേണു|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (15:50 IST)
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ വനിത അംഗങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിജെപി. മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി ഫ്‌ളയിങ് കിസ് നല്‍കിയെന്നാണ് ബിജെപി എംപി സ്മൃതി ഇറാനി ആരോപിച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിച്ച ശേഷം ലോക്‌സഭയില്‍ നിന്ന് പുറത്ത് പോകുമ്പോഴാണ് രാഹുല്‍ ഫ്‌ളയിങ് കിസ് നല്‍കിയതെന്ന് സ്മൃതി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് ശേഷം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കാന്‍ സ്മൃതി ഇറാനിയാണ് എഴുന്നേറ്റു നിന്നത്. ആ സമയത്താണ് തനിക്ക് മുന്‍പ് സംസാരിച്ച അംഗം ഫ്‌ളയിങ് കിസ് നല്‍കിയെന്ന് സ്മൃതി ആരോപിച്ചത്. രാഹുലിന്റെ പേര് പറയാതെയാണ് ആരോപണം.
' എനിക്ക് മുന്‍പ് സഭയില്‍ സംസാരിച്ച അംഗം മോശമായി പെരുമാറിയിരിക്കുന്നു. വനിത അംഗങ്ങള്‍ക്ക് അയാള്‍ ഫ്‌ളയിങ് കിസ് നല്‍കി. അദ്ദേഹത്തിന്റെ കുടുംബത്തിനും പാര്‍ട്ടിക്കും സ്ത്രീകളോടുള്ള മനോഭാവമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇങ്ങനെ മോശമായ കാര്യം ഇതിനു മുന്‍പ് ലോക്‌സഭയില്‍ ആരും ചെയ്തിട്ടില്ല' സ്മൃതി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വനിത എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കും.