വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2019 (07:46 IST)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശത്രുക്കൾക്ക് പോലും രാജ്യത്തോട് ചെയ്യാൻ സാധിക്കാത്തത് മോദിക്ക് സാധിക്കുന്നുണ്ട് എന്നും ജാർഖണ്ഡിൽ ബിജെപിക്കേറ്റ പരാജയം. രാജ്യത്തെ വിഭജിക്കൻ ശ്രമിക്കുന്നതിന് ജനങ്ങൾ നൽകിയ മറുപടിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കാൻ ശത്രുക്കൾ ഏറെ ശ്രമിച്ചിട്ടുള്ളതാണ് എന്നാൽ അവർക്ക് അത് സാധിച്ചിട്ടില്ല. അവർക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് മോദി ഇപ്പോൾ ചെയ്‌ത് കൊണ്ടിരിക്കുന്നത്. മോദി രാജ്യം തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിനെ എതിർക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുമ്പോൾ ഇല്ലാതാകുന്നത് രാജ്യത്തിന്റെ ശബ്ദമാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരത്തിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിന്ന നേതാക്കളായ എകെ ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ കമല്‍നാഥ്, അശോക് ഗലോട്ട് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.