ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (15:05 IST)
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പുറത്തായ സ്ഥിതിക്ക് ഇനി തന്റെ അടുത്ത ലക്‌ഷ്യം അരവിന്ദ് കെജ്‌രിവാള്‍ ആണെന്ന് ബി ജെ പിയുടെ രാജ്യസഭാംഗം സുബ്രഹ്‌മണ്യന്‍ സ്വാമി. ഇത്രയും കാലം താന്‍ രഘുറാം രാജനു പിന്നാലെ ആയിരുന്നെന്നും അദ്ദേഹം പുറത്തുപോയെന്നും സ്വാമി പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുൻവശത്ത് ബി ജെ പി എം പി മഹേഷ് ഗിരി നടത്തുന്ന നിരാഹാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്വാമി.
രഘുറാം രാജന്‍ പുറത്തായി. ഇനി തന്റെ അടുത്ത ലക്‌ഷ്യം അരവിന്ദ് കെജ്‌രിവാള്‍ ആണ്. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ആണ് അടുത്തതായി പുറത്താകാന്‍ പോകുന്നത്. ജീവിതകാലം മുഴുവൻ കെജ്‌രിവാൾ തട്ടിപ്പുകാരനാണ്. ഐ ഐ ടി വിദ്യാർഥിയാണെന്നാണ് കെജ്‌രിവാൾ പറയുന്നത്. എന്നാൽ അദ്ദേഹത്തിന് എങ്ങനെ ഐ ഐ ടി പ്രവേശനം ലഭിച്ചെന്ന് താൻ വാര്‍ത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തുമെന്നും സ്വാമി വ്യക്തമാക്കി.
ഞായറാഴ്ച മുതലാണ് ഡൽഹിയിൽ നിന്നുള്ള ബി ജെ പി എംപിയായ മഹേഷ് ഗിരി കെജ്‌രിവാളിന് എതിരെ പ്രതിഷേധം തുടങ്ങിയത്. ന്യൂഡൽഹി മുന്‍സിപ്പൽ കൗൺസിൽ (എൻ ഡി എം സി) ഉദ്യോഗസ്ഥനായിരുന്ന എം ഖാന്റെ മരണത്തിൽ
മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന കെജ്‌രിവാളിന്റെ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് സമരം.