പുനെ ഫിലിം ഇന്‍സ്റ്റിട്യൂട്: സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല

മുംബൈ| JOYS JOY| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (14:53 IST)
ഇന്‍സ്റ്റിട്യൂടിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഗജേന്ദ്ര ചൌഹാനെ മാറ്റണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്ന് പുനെ ഫിലിം ഇന്‍സ്റ്റിട്യൂട് വിദ്യാര്‍ത്ഥികള്‍. സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥികള്‍ നിലപാട് വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മറ്റന്നാള്‍ വിദ്യാര്‍ത്ഥികളെ അറിയിക്കും.

വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ 18 ദിവസങ്ങളായി നടത്തിവന്ന സമരം പുനെ ഫിലിം ഇന്‍സ്റ്റിട്യൂടിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച പിന്‍വലിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു ഇന്ന് ചര്‍ച്ച നടന്നത്.

നേരത്തെ, സമരം നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രാലയം ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ നിരാഹാരസമരം അവസാനിപ്പിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു.

അതേസമയം, ഗജേന്ദ്ര ചൌഹാനെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പഠിപ്പുമുടക്കല്‍ സമരം ഇപ്പോഴും തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :