തോട്ടം തൊഴിലാളികള്‍ക്ക് കൂലി 400 ആക്കും, പുതിയ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (07:53 IST)
തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ ദിവസക്കൂലി 500 രൂപയാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നതിനിടെ തൊഴിലാള്‍കുകള്‍ക്കും തോട്ടമുടമകള്‍ക്കും ഒരേപോലെ പ്രയോജനകരമായ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി എന്നതിനു പകരം 400 രൂപയാക്കി നിജപ്പെടുത്തുന്നതാണ് ഇതില്‍ പ്രധാനം.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച വേതനം കൂട്ടുന്ന കാര്യത്തില്‍ പരാജയപ്പെട്ടെങ്കിലും തൊഴിലാളികള്‍ക്കും തോട്ടം ഉടമകള്‍ക്കും ഒട്ടൊക്കെ ഗുണകരമായ പാക്കേജ് രൂപപ്പെടുത്തുന്നതിന് സഹായമായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഉടമകളുടെ ആവശ്യം കൂടി പരിഗണിച്ചുള്ള പാക്കേജ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്തശേഷമാവും പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ചചെയ്യുക .

മന്ത്രിമാരായ ഷിബു ബേബി ജോണ്‍, കെ.എം.മാണി, ആര്യാടന്‍ മുഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവരാണ് പ്രശ്‌നം ചര്‍ച്ചചെയ്യുന്ന ഉപസമിതിയിലെ അംഗങ്ങള്‍. എന്നാല്‍ 500 രൂപ കൂലിവേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് അംഗീകൃത തൊഴിലാളി സംഘടനകള്‍ ഇന്നുമുതല്‍ പണിമുടക്കുകയാണ്. എന്നാല്‍ ബുധനാഴ്ചത്തെ ചര്‍ച്ചവരെ കാത്തിരിക്കാനാണ് മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈയുടെ തീരുമാനം.

അതേസമയം തോട്ടങ്ങളില്‍ മിശ്രവിള കൃഷിക്ക് അനുവാദം നല്‍കുക, ഈയിടെ വര്‍ധിപ്പിച്ച തോട്ടം നികുതി, കെട്ടിട നികുതി, ഭൂനികുതി എന്നിവയിലൊക്കെ ഇളവ് നല്‍കുക, മരം മുറിക്കാന്‍ കെട്ടിവയ്ക്കേണ്ടിവരുന്ന തുക വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തോട്ടം ഉടമകള്‍ നിരത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :