തിരുവനന്തപുരം|
VISHNU N L|
Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (14:16 IST)
കേരളത്തിന് അനുവദിച്ചിരുന്ന അധിക റേഷന്‍ വിഹിതം കേന്ദ്രം നിര്‍ത്തലാക്കി.
30,000 ടണ്‍ ഭക്ഷ്യധാന്യമാണ്
കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. കേരളത്തിന്റെ അഭ്യര്‍ഥന അവഗണിച്ചാണ് വിഹിതം നിര്‍ത്തലാക്കിയത്. ഒക്ടോബര്‍ മാസം മുതല്‍ അധികവിഹിതം നല്‍കില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് കേരളം അധിക വിഹിതം തുടരണമെന്ന് വശ്യപ്പെട്ടിരുന്നു.
അധികവിഹിതം നിര്‍ത്തിയതോടെ എപിഎല്‍ - ബിപിഎല്‍ വിഭാഗങ്ങളുടെ റേഷന്‍ വിഹിതം അടുത്ത മാസം മുതല്‍ കുത്തനെ കുറയും. അരിയിലും ഗോതമ്പിലും 30 ശതമാനത്തോളം വെട്ടിക്കുറവുണ്ടാകും. എപിഎല്‍ ഗോതമ്പ് വിഹിതം പൂര്‍ണമായും നിലച്ചേക്കും. നിലവില്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 18 മുതല്‍ 22 വരെയും എപിഎല്‍ വിഭാഗങ്ങള്‍ക്ക് അഞ്ചുമുതല്‍ ഒന്‍പതുവരെയും കിലോഗ്രാം അരിയാണ് ലഭ്യതയ്ക്കനുസരിച്ച് വിതരണം ചെയ്തിരുന്നത്. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് അഞ്ചുമുതല്‍ ഏഴുവരെ കിലോ ഗോതമ്പും നല്‍കിയിരുന്നു.
82 ലക്ഷം കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ഏറിയ പങ്ക് കാര്‍ഡുടമകള്‍ക്കും വിഹിതത്തില്‍ കുറവുണ്ടാകും. എന്നാല്‍ അന്ത്യോദയ അന്നയോജന (എ.എ.വൈ.) വിഭാഗങ്ങള്‍ക്ക് നിലവില്‍ കിട്ടുന്നതുപോലെ 35 കിലോ അരി ലഭിക്കും. മുന്‍ വിഹിതം ഇരിപ്പുള്ളതിനാല്‍ തല്‍ക്കാലം കുഴപ്പമില്ല. വെട്ടിക്കുറച്ച വിഹിതം ഉടന്‍ പുനഃസ്ഥാപിച്ചുനല്‍കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു.