എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മെയ് 2024 (16:20 IST)
ലോകസഭാ തിരെഞ്ഞെടുപ്പില്‍ എന്തുകൊണ്ട് മത്സരിക്കുന്നില്ല എന്നത് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരണത്തിനായി എത്തേണ്ടതുള്ളതിനാലാണ് സ്ഥാനാര്‍ഥിയാകാതിരുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാഹുലും താനും മത്സരിക്കുകയായിരുന്നുവെങ്കില്‍ അത് ഗുണം ചെയ്യുക ബിജെപിക്കായിരുന്നുവെന്നും പ്രിയങ്ക പറയുന്നു.

കഴിഞ്ഞ 15 ദിവസത്തോളമായി റായ്ബറേലിയില്‍ ഞാന്‍ പ്രചാരണത്തിലാണ്. ഞാനും രാഹുലും മത്സര രംഗത്ത് ഇറങ്ങിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഞങ്ങളുടെ മണ്ഡലത്തില്‍ ചുരുങ്ങിയത് 15 ദിവസമെങ്കിലും ചെലവഴിക്കേണ്ടതായി വരും. അതുകൊണ്ട് തന്നെ ഒരാള്‍ രാജ്യത്തുടനീളം പ്രചാരണം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ടുപേരും മത്സരിക്കുകയാണെങ്കില്‍ ബിജെപിക്കാകും അത് ഗുണം ചെയ്യുക. കാരണം കോണ്‍ഗ്രസിന്റെ പ്രചാരണം ഏറ്റെടുക്കാന്‍ ആളില്ലാതെ വരും.
പ്രിയങ്ക പറഞ്ഞു. അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തെയും പ്രിയങ്ക പ്രതിരോധിച്ചു. അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന് പ്രിയപ്പെട്ടതാണ്. വൈകാരികബന്ധങ്ങളില്‍ ഇരുമണ്ഡലങ്ങളും വ്യത്യസ്തമാണ്. 2014ല്‍ വഡോദരയില്‍ നിന്നും മത്സരിച്ച പ്രധാനമന്ത്രി മോദി പിന്നീട് അവിടെ മത്സരിക്കാതിരുന്നത് ഭയം കൊണ്ടാണോ എന്നും പ്രിയങ്ക ചോദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :