അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ജനുവരി 2024 (08:36 IST)
വരാനിരിക്കുന്ന ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രണ്ടിടങ്ങളില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോണ്‍ഗ്രസ് ഭരണമുള്ള തെലങ്കാനയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത് നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
കര്‍ണാടകയിലെ കോപ്പല്‍ മണ്ഡലത്തിലും തെലങ്കാനയിലെ മറ്റൊരു മണ്ഡലത്തിലും പ്രിയങ്ക മത്സരിച്ചേക്കുമെന്നാണ് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ലഭിക്കുന്ന വിവരങ്ങള്‍. ഇത് സംബന്ധിച്ച് ഈ മണ്ഡലങ്ങളില്‍ എഐസിസി സര്‍വേ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 1978ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്ന് മത്സരിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തിരിച്ചുവരവ് നടത്തിയിരുന്നു. 1999ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും സോണിയാഗാന്ധിയും മത്സരിച്ചു വിജയിച്ചിരുന്നു.