അഭിറാം മനോഹർ|
Last Modified ബുധന്‍, 10 ജനുവരി 2024 (14:14 IST)
ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ കച്ച മുറുക്കിയാണ് ബിജെപി പ്രചരണം നടത്തുന്നത്. തൃശൂരില്‍ നടന്ന നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിന് പിന്നാലെ ജനുവരിയില്‍ വീണ്ടും പ്രധാനമന്ത്രി തന്നെ സംസ്ഥാനത്തെത്തി റോഡ് ഷോ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് പ്രബലരായ സ്ഥാനാര്‍ഥികളെ അണിനിരത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇപ്പോഴിതാ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ മത്സരാര്‍ഥിയായി സിനിമാതാരം ഉണ്ണി മുകുന്ദനെയും ബിജെപി കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം തന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയുണ്ടാകുമെന്നാണ് സൂചന. തൃശൂരില്‍ സിനിമാതാരം സുരേഷ്‌ഗോപിയും ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനുമാകും മത്സരിക്കുക. ഇതിനിടെയാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദന്റെ പേരും പരിഗണനയില്‍ വരുന്നത്. പത്തനംതിട്ടയില്‍ കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും നടന്‍ ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. മാളികപ്പുറം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച പിന്തുണ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇത് സംബന്ധിച്ച് ഉണ്ണി മുകുന്ദനുമായി പാര്‍ട്ടി ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പി സി ജോര്‍ജിന്റെ പേരാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റൊരു പേര്.