ന്യൂഡൽഹി|
VISHNU N L|
Last Updated:
ശനി, 1 ഓഗസ്റ്റ് 2015 (14:01 IST)
രാജ്യത്തെ 203 തുറമുഖങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. ഈ തുറമുഖങ്ങള്‍ പ്രാധാന്യമില്ലാത്തതാണെങ്കിലും ഒരു ആക്രമണമുണ്ടായല്‍ പ്രതിരോധിക്കാനാവശ്യമായ ശേഷി ഇവയ്ക്കില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സിയാണ് സമിതിക്കായി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലെ തുറമുഖങ്ങളാണ് ഏറ്റവും മോശം അവസ്ഥയിലുള്ളത്. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് ഒരു മുന്നറിയിപ്പാണെന്നും ഇത് കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണണമെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ഈ തുറമുഖങ്ങളില്‍ എഴുപത്തിയഞ്ചോളം തുറമുഖങ്ങളിൽ പേരിനു പോലും സുരക്ഷാ സന്നാഹങ്ങളില്ല. 45 എണ്ണം പ്രവർത്തിക്കാതെ കിടക്കുന്നു. പ്രവർത്തിക്കാതെ കിടക്കുന്ന തുറമുഖങ്ങൾ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ബോട്ടുകൾ അടുപ്പിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. തുറമുഖങ്ങളിൽ എക്സറേ സ്കാനറുകൾ അടക്കമുള്ള ഉപകരണങ്ങൾ ഒന്നും തന്നെയില്ല. ഇവിടങ്ങളിൽ വന്നു പോകുന്നവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് വയ്ക്കുന്നില്ല. ഇതെല്ലാം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് സമിതി പറയുന്നു.
2008ൽ മുംബയിലുണ്ടായ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾ കടൽ മാർഗം ബോട്ടിലാണ് എത്തിയതെന്ന വസ്തുത നിലനിൽക്കെയാണ് സമിതിയുടെ പുതിയ വെളിപ്പെടുത്തൽ. തീരസുരക്ഷ ഉറപ്പു വരുത്താൻ ഈ മേഖലയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തു. സി.സി.ടി.വി കാമറകൾ, ബോംബ് നിർവീര്യമാക്കാനുള്ള സംവിധാനം, എക്സറേ സ്കാനറുകൾ, നിരീക്ഷണ ടവറുകൾ, പട്രോളിംഗ് തുടങ്ങിയവ വേണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.