ചന്ദനക്കടത്തുകാരെ വെടിവെച്ചു കൊന്ന സംഭവം: തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം

 ചന്ദനക്കടത്തുകാര്‍ , പൊലീസ് വെടിവെപ്പ് , തമിഴ്‌നാട്ടില്‍ പ്രതിഷേധം , രക്തചന്ദന കടത്തുകാര്‍
ചെന്നൈ| jibin| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (09:05 IST)
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇരുപത് രക്തചന്ദന കടത്തുകാരെ ആന്ധ്ര പൊലീസ് വെടിവെച്ചുകൊന്നതില്‍ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം. തമിഴ്‌നാട് സ്വദേശികളെ കൊന്ന നടപടിയില്‍ വിശ്വസനീയ അന്വേഷണം നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് ആവശ്യപ്പെട്ടു. അതേസമയം തമിഴ്നാട്ടില്‍ പലയിടത്തും ആന്ധ്രാ ബസുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.

ആന്ധ്രയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വന്ന നൂറ് കണക്കിന് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. പ്രതിഷേധക്കാര്‍ പലയിടത്തും ആന്ധ്രാ ബസുകള്‍ തടഞ്ഞിടുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് ആന്ധ്രയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെന്നൈ അടക്കമുള്ള നഗരങ്ങളിലേക്കുള്ള 40 സര്‍വിസുകള്‍ എപിഎസ്ആര്‍ടിസി റദ്ദാക്കുകയും ചെയ്തു. ആന്ധ്ര ബാങ്കിന്റെ വിവിധ ശാഖകള്‍ക്ക് മുന്നിലും പ്രതിഷേധം അരങ്ങേറി.

ചെന്നൈയിലെ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ സര്‍വീസിനായി നിര്‍ത്തിയിട്ടിരുന്ന ആന്ധ്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ എട്ട് ബസ്സുകള്‍ എറിഞ്ഞുതകര്‍ത്തു. തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ തിരുവള്ളൂര്‍ ജില്ലയിലെ ആരംമ്പാക്കത്ത് ആന്ധ്ര ട്രാന്‍സ്‌പോര്‍ട്ട് ബസ് ചൊവ്വാഴ്ച വൈകിട്ടോടെ ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി തീകൊളുത്തി.
തിരുമലൈ തിരുപ്പതി ദേവസ്വത്തിന്റെ കീഴില്‍ നെയ്വേലിയിലെ ഹാളില്‍ നടന്ന വിവാഹം തടയാനത്തെിയ 400 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സംഭവങ്ങളിലായി 500 പേര്‍ പിടിയിലായിട്ടുണ്ട്.
കൊലപാതകത്തില്‍ പങ്കുവഹിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈകോയും പാട്ടാളി മക്കള്‍ കക്ഷി നേതാവ് രാംദോസും രംഗത്തുവന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :