മൈക്രോസോഫ്റ്റിനെ പുറത്താക്കും, ഭരണം സുതാര്യമാക്കാന്‍ ഇനി സ്വതന്ത്ര സോഫ്റ്റ്വേര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (18:37 IST)
കുത്തക ഭീമനായ മൈക്രോസോഫ്റ്റിനെ പടികടത്തി പകരം സ്വതന്ത്ര സോഫ്റ്റ്വേറുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കാം. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സ്വതന്ത്ര സോഫ്റ്റ്വേറിനെ സ്വീകരിക്കുന്നത്. ഇതോടെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് അടക്കമുള്ള പ്രൊപ്രൈറ്ററി (കുത്തക) സോഫ്റ്റ്‌വേര്‍ പാക്കേജുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് പുറത്താക്കും.

ഭരണത്തില്‍ സുതാര്യത കൊണ്ടുവരിക, ചെലവുചുരുക്കുക-ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം. ആര്‍ക്കും ഉപയോഗിക്കുകയും പരിഷ്‌കരിക്കുകയും പുനര്‍വിതരണം സാധ്യമാവുകയും ചെയ്യാവുന്നവയാണ് സ്വതന്ത്രസോഫ്റ്റ്‌വേര്‍. സുരക്ഷ, സ്വകാര്യത, ധനലാഭം തുടങ്ങി ഒട്ടേറെ മേന്മകള്‍ ഇതിനുണ്ട്. അതേസമയം വിന്‍ഡോസ്, ഫോട്ടോഷോപ്പ് പോലുള്ള പ്രോഗ്രാമുകളെല്ലാം പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേര്‍ ആണ്. ഇവ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൊണ്ടുവരുന്നതിന് ഭീമമായ തുകയാണ് മുടക്കേണ്ടി വരിക. കൂടാതെ സ്ഥാപനങ്ങളുടെ സുരക്ഷിതത്വവും ഒരു പ്രശ്നമാണ്.

2012 ലെ ദേശീയ ഐ ടി നയത്തില്‍ ഓപ്പണ്‍ സോഴ്‌സിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇപ്പോള്‍ 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഇത് ശക്തിപ്പെട്ടിരിക്കുന്നത്. യു.എസ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളും ഇതിനകം ഓപ്പണ്‍ സോഴ്‌സ് നയം കൈക്കൊണ്ടിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (DeitY) ഔദ്യോഗികവെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച രേഖ ലഭ്യമാണ്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഇപ്പോള്‍ സ്വതന്ത്രസോഫ്റ്റ്‌വേറായ ഉബുണ്ടു ആണ് പഠിപ്പിക്കുന്നത്. ഈഗവേണന്‍സ് മേഖലയിലും സ്വതന്ത്രസോഫ്റ്റ്‌വേറിന് പ്രാധാന്യമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :