Indian Navy Flag: കൊളോണിയൽ അവശേഷിപ്പുകൾ ഇനി വേണ്ട, നാവികസേനയ്ക്ക് പുതിയ പതാക

അഭിറാം മനോഹർ| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (13:11 IST)
ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക്ക പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ പുറത്തിറക്കി. ഇന്ത്യ തദ്ദേശീയമായി പുറത്തിറക്കിയ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നാാവികസേനയുടെ പുതിയ അനാച്ഛാദനം ചെയ്തത്.

വെള്ളപതാകയിൽ ഭാഗമായിരുന്ന സെൻ്റ് ജോർജ് ക്രോസ് ഒഴിവാക്കികൊണ്ടാണ് പുതിയ പതാക. വെള്ളപതാകയിൽ സെൻ്റ് ജോർജ് ക്രോസും ഈ വരകൾ യോജിക്കുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമായിരുന്നു ഇതുവരെയുള്ള നാവികസേനാ പതാക. 1928 മുതൽ സെൻ്റ് ജോർജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്.

2001-04 കാലത്താണ് പതാകയിലേക്ക് കേന്ദ്രസർക്കാർ നാവികസേനയുടെ ചിഹ്നം കൂടി കൂട്ടിചേർത്തത്. നീല നിറത്തിലായിരുന്നു ചിഹ്നം. എന്നാൽ നിറം സംബണ്ഡിച്ച് പരാതികൾ ഉയർന്നപ്പോൾ ചിഹ്നം വീണ്ടും മാറ്റിയിരുന്നു.പുതിയ പതാകയുടെ മുകളിലായി ദേശീയ പതാകയുണ്ട്. കൂടാതെ നീല അഷ്ടഭുജാകൃതിയിലുള്ള ഒരു കവചത്തിനുള്ളിലായി അശോക സ്തംഭവും ഒരു നങ്കൂരചിഹ്നവും ഉള്‍ക്കൊള്ളിച്ചിട്ടുള്ള മുദ്രയും കാണാം.

നീല അഷ്ടഭുജാകൃതിയിലുള്ള കവചം ഇന്ത്യൻ നാവികസേനയുടെ വ്യാപ്തിയേയും ബഹുമുഖപ്രവർത്തനശേഷിയേയും 8 ദിശകളെയും പ്രതിനിധീകരിക്കുന്നു.നങ്കൂരചിഹ്നം ദൃഢനിശ്ചയത്തെ പ്രതിനിധീകരിക്കുന്നുവെന്നും നാവികസേന വ്യക്തമാക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :