ധ്യാനം കഴിഞ്ഞു; വിവേകാനന്ദ പാറയില്‍ നിന്ന് മോദി മടങ്ങി

ധ്യാന സമയത്ത് ഉണക്ക മുന്തിരി, കരിക്ക്, മോര് എന്നിവ മാത്രമാണ് മോദി കഴിച്ചത്

Narendra Modi
രേണുക വേണു| Last Modified ശനി, 1 ജൂണ്‍ 2024 (17:55 IST)
Narendra Modi
കന്യാകുമാരി വിവേകാനന്ദ പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. ധ്യാനത്തിനു ശേഷം തിരുവള്ളുവര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു മോദിയുടെ മടക്കം. മൂന്ന് സാഗരങ്ങളുടെ സംഗമ കേന്ദ്രം എന്ന് അറിയപ്പെടുന്ന കിഴക്കേ ചെരുവിലാണ് മോദി ധ്യാനത്തിനിരുന്നത്. കന്യാകുമാരിയില്‍ എത്തിയ പ്രധാനമന്ത്രി മേയ് 30 ന് വൈകിട്ട് 5.40 ന് കന്യാകുമാരിയിലെ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് വിവേകാനന്ദ പാറയില്‍ ധ്യാനത്തിന് ഇരുന്നത്.

ധ്യാന സമയത്ത് ഉണക്ക മുന്തിരി, കരിക്ക്, മോര് എന്നിവ മാത്രമാണ് മോദി കഴിച്ചത്. വിവേകാനന്ദ പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിക്കുകയായിരുന്നു. അവിടെയാണ് ധ്യാനത്തിനു ശേഷമുള്ള സമയം ചെലവഴിച്ചത്.

കാവിമുണ്ടും ജുബ്ബയുമായിരുന്നു ധ്യാന സമയത്ത് മോദിയുടെ വേഷം. നെറ്റിയില്‍ ഭസ്മക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു. സൂര്യനമസ്‌കാരത്തിനു ശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദ പ്രതിമയ്ക്കു മുന്നില്‍ ധ്യാനത്തിനിരുന്നു. ധ്യാനം കഴിഞ്ഞ് ഡല്‍ഹിയിലേക്കാണ് പ്രധാനമന്ത്രിയുടെ മടക്കം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :