ന്യൂഡല്‍ഹി|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (12:08 IST)
ജെറ്റ് എയര്‍വേയ്സ് വിമാനം വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുംബൈയില്‍ നിന്നും ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലേക്ക് പോയ വിമാനമാണ് ഭാഗ്യം കൊണ്ടു മാത്രം ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.
പൈലറ്റ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് വിമാനം തുര്‍ക്കിക്ക് മുകളില്‍ വച്ച് 5000 അടി താഴേക്ക് പറന്നു. 34,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ജെറ്റ് എയര്‍വേയ്സിന്റെ ബോയിംഗ് 777- 300 ER വിമാനം താഴേക്ക് പതിക്കുകയായിരുന്നുവെന്നു ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റിക്കോര്‍ഡറിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് എട്ടിനായിരുന്നു സംഭവം.
ആ സമയത്ത് സഹ പൈലറ്റ് വിമാനയാത്രയുടെ വിവരങ്ങള്‍ ക്രോഡീകരിക്കപ്പെട്ട ടാബ്ലറ്റ് നോക്കുകയായിരുന്നു. അനുവദിക്കപ്പെട്ട പാതയില്‍ നിന്നും വിമാനം വ്യതിചലിച്ചത് മനസ്സിലാക്കിയ അങ്കാര ട്രാഫിക് നിയന്ത്രണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പൈലറ്റ് വിമാനം സ്വന്തം പാതയില്‍ തിരിച്ചെത്തിച്ചത്.
ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ ലളിത് ഗുപ്തയ്ക്ക് ലഭിച്ച അജ്ഞാത പരാതിയെത്തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സംഭവം വെളിച്ചത്ത് വന്നത്. സംഭവം വലിയ ഗൗരവത്തോടെ കാണുന്നവെന്നും സംഭവത്തിന് ഉത്തരവാദികളായ പൈലറ്റുമാരെ ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തതായും ഡിജിസിഎ അറിയിച്ചു.