സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (19:27 IST)
ന്യൂഡല്‍ഹി: മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ജനറല്‍ പ്രൊവിഡന്റ് ഫണ്ടില്‍ (ജിപിഎഫ്) ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി. വിവാഹത്തോടെ മാതാപിതാക്കളുടെ നോമിനേഷന്‍ അസാധുവാകുമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള നോമിനേഷന്‍ നിലനില്‍ക്കില്ല. മരിച്ച ജീവനക്കാരന്റെ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും തുക തുല്യമായി വിതരണം ചെയ്യണം.
ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനായ ഭര്‍ത്താവ് 2021-ല്‍ മരിച്ചപ്പോള്‍ ഹര്‍ജിക്കാരിയായ ഭാര്യക്ക് ജിപിഎഫ് ഒഴികെയുള്ള എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. വിവാഹത്തിന് മുമ്പ് ഭര്‍ത്താവ് അമ്മയെ നാമനിര്‍ദ്ദേശം ചെയ്തതിനാല്‍ ജിപിഎഫ് ഫണ്ട് നിഷേധിക്കപ്പെട്ടു. ഇതിനെതിരായ ഭാര്യയുടെ കേസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവച്ചു. വിവാഹശേഷം അമ്മയുടെ നാമനിര്‍ദ്ദേശം അസാധുവായി എന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി.
തുടര്‍ന്ന് ഫണ്ട് ഇരുവര്‍ക്കും ഇടയില്‍ വിഭജിക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കേസില്‍ അപ്പീല്‍ കേട്ട ബോംബെ ഹൈക്കോടതി ജീവനക്കാരന്‍ ഔദ്യോഗികമായി അത് റദ്ദാക്കുന്നതുവരെ അമ്മയുടെ നാമനിര്‍ദ്ദേശം സാധുതയുള്ളതാണെന്ന് വിധിച്ചിരുന്നു. ഇതിനെതിരെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ വിധി.