ചിപ്പി പീലിപ്പോസ്|
Last Modified തിങ്കള്‍, 20 ജനുവരി 2020 (15:09 IST)
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കി റെയിൽവേ. പൊറോട്ട, പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി, ഇലയട, ഉണ്ണിയപ്പം, ദോശ എന്നിവ മെനുവില്‍ നിന്നും പുറത്തായി. റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമുകളിലെയും (വിആര്‍ആര്‍), റസ്റ്ററന്‍റുകളിലെയും ഭക്ഷണ നിരക്കില്‍ മാറ്റം വരുത്തിയതിനു ശേഷം പുതുക്കിയ മെനുവിലാണ് കേരളീയ വിഭവങ്ങൾ പലതുമില്ലാത്തത്.
നാരങ്ങാ വെളളം ഉള്‍പ്പെടെ പാനീയങ്ങളും സ്റ്റാളുകളില്‍ നിന്ന് ഒഴിവാക്കി. ഉഴുന്നുവട, പരിപ്പുവട എന്നിവ നിലനിര്‍ത്തിയപ്പോള്‍ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവ പുറത്തായി. ദക്ഷിണേന്ത്യയില്‍ നിന്നു മസാല ദോശയും തൈര്, സാമ്ബാര്‍ സാദവുമൊക്കെയാണ് പുതിയ മെനുവിൽ ഉളളത്.
ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) മെനു പരിഷ്‌കരിച്ചു നിരക്കുകള്‍ കൂട്ടിയത്. ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ സ്റ്റാളുകളിലെ നിരക്കുകളും തോന്നിയ പോലെയാണ് കൂട്ടിയിരിക്കുന്നത്. ഊണിന്റെ വില 35 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 70 രൂപയാക്കി. എട്ടര രൂപയുടെ ഉഴുന്നു വടയ്ക്കും പരിപ്പു വടയ്ക്കും 15 രൂപ നല്‍കണം.