ബംഗലൂരു|
Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (10:51 IST)
അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ ജയിലിലായെങ്കിലും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയളിതയുടെ പിടിവാശിക്ക് കുറവില്ല. ജയില്‍ വേഷം ധരിക്കാതെ സാധാരണ ധരിക്കാറുള്ള കളര്‍ഫുള്‍ ഡ്രസിലാണ് തടവറയ്ക്കുള്ളില്‍ ജയ കഴിയുന്നത്. തയ്യല്‍ ജോലികള്‍, സാമ്പ്രാണി നിര്‍മാണം, പച്ചക്കറി നുറുക്കല്‍ എന്നിവയില്‍ ഏതെങ്കിലും ജോലി തെരഞ്ഞെടുക്കാമെന്ന് അറിയിച്ചെങ്കിലും ജോലി ചെയ്യാന്‍ ജയ തയാറായില്ല.
ജയിലിലാണെങ്കിലും ചിട്ടകള്‍ ഇപ്പോഴും മാറ്റമില്ല. പരപ്പന അഗ്രഹാര ജയിലിലെ 7402 നമ്പര്‍ തടവുപുളളിയായ ജയ രാവിലെ 5:30 ന് എഴുന്നേല്‍ക്കും. തുടര്‍ന്ന് ജയില്‍ കോമ്പൗണ്ടില്‍ പ്രഭാതസവാരി നടത്തും. അതിനു ശേഷം പത്രപാരായണം. മൂന്ന് തമിഴ് പത്രവും രണ്ട് ഇംഗ്ലീഷ് പത്രവുമാണ് പുരട്‌ച്ചി തലൈവി പ്രഭാതഭക്ഷണത്തിനു മുന്‍പ് വായിക്കുന്നത്.
ജയിലിനു വെളിയില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണമാണ് ജയലളിതയ്‌ക്ക് ഇപ്പോള്‍ നല്‍കുന്നത്. ജയലളിതയുടെ സഹായി വീരപെരുമാള്‍ മൂന്ന് നേരവും ഭക്ഷണം എത്തിക്കും. ജയലളിതയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള ഒരു വാന്‍ തന്നെ ജയിലിന് പുറത്ത് സജ്ജമാക്കിയിട്ടുണ്ട്. 2,100 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജയിലില്‍ 4,200 തടവുകാരാണുള്ളത്.
സ്‌ത്രീകളുടെ ബാരക്കിന് തൊട്ടടുത്തുളള വിവിഐപി സെല്‍ 23 ആണ് ജയയ്‌ക്ക് അനുവദിച്ചിട്ടുളളത്. കൂട്ടു പ്രതി സുധാകരന് വിഐപി സെല്ലാണ് അനുവദിച്ചിരിക്കുന്നത്. ഇതിനിടെ ഷുഗര്‍ കൂടിയെന്നു പറഞ്ഞ്
ജയലളിത ചികിത്സ തേടി. ഇതിന് പിന്നാലെ തോഴി ശശികലയും ഇളവരശിയും വയറ്റില്‍ അസുഖത്തിന് ചികിത്സ തേടി.