സജിത്ത്|
Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (15:20 IST)
അതിര്‍ത്തിയില്‍ നടക്കുന്ന പ്രശ്‌നങ്ങളെ കലാകാരന്‍മാരുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് നടി രാധികാ ആപ്‌തേ. രാജ്യാന്തര വിഷയങ്ങള്‍ ഒരു കാരണവശാലും കലയെ സ്വാധീനിക്കാന്‍ പാടില്ലെന്നാണ് തന്റെ വിശ്വാസമെന്നും ഇന്ത്യാ- പാക് അതിര്‍ത്തി പ്രശ്‌നങ്ങളെ തുടര്‍ന്ന് പാക് നടന്‍മാരെ ഇന്ത്യയില്‍ വിലക്കിയ നടപടിയോട് പ്രതികരിക്കവേ രാധിക വ്യക്തമാക്കി.
സമീപകാലത്ത് അരങ്ങേറുന്ന എല്ലാ അക്രമവാര്‍ത്തകളും ഏറെ സങ്കടകരമാണ്. ഇതൊന്നും നമ്മുടെ പരിധിക്കുള്ളിലല്ല നടക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ നമുക്കെല്ലാം പരിതപിക്കാന്‍ മാത്രമേ സാധിക്കൂ. തീവ്രവാദത്തെ എല്ലാവരും എതിര്‍ക്കണം. ഇന്ത്യന്‍ ആര്‍മിക്ക് തന്റെ ശക്തമായ പിന്തുണയുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനി അഭിനേതാക്കളെ പിന്തുണച്ച് ബോളിവുഡിലെ ഭൂരിഭാഗം ആളുകളും രംഗത്ത് വന്നിട്ടുണ്ട്. അഭിനേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുകൊണ്ട് മാത്രം ഭീകരത അവസാനിപ്പിക്കാനാവില്ലെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള അഭിനേതാക്കള്‍ ഭീകരവാദികളല്ല, അവര്‍ കലാകാരന്‍മാരാണെന്ന് നടന്‍ സല്‍മാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു.