aparna shaji|
Last Updated:
ചൊവ്വ, 2 ഓഗസ്റ്റ് 2016 (13:53 IST)
ഗൾഫ് പ്രവാസത്തിന് അരനൂറ്റാണ്ട് പിന്നിടുന്നു. എന്നാൽ ഒരു മടക്ക പ്രവാസത്തിലേക്ക് ആക്കം കൂട്ടുന്ന ചിന്തകളാണ് പ്രവാസികളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നേരിടുന്ന തൊഴിൽ പ്രശ്നം ബാധിക്കുന്നത് ഏറേയും പ്രവാസികളെയാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഒരുപാട് സ്വപ്നങ്ങൾ കയ്യിൽ പിടിച്ച് ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാൻ വിമാനം കയറിയവരാണ്. ഗൾഫ് നാടുകളിലെ തൊഴിൽ പ്രശ്നം രൂക്ഷമാകുമ്പോൾ ഇല്ലാതാകുന്നത് പ്രവാസികളുടെ ജീവിതവും ജീവിതമാർഗവുമാണ്.
സൗദി അറേബ്യയിലും കുവൈറ്റിലും വിവിധ നിര്‍മ്മാണ കമ്പനികളിലെ പതിനായിരത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ കുടുങ്ങിയിരിക്കുന്നത്. ഒമാനിലെ സർക്കാർ ആശുപത്രികളിലെ സ്വദേശികളല്ലാത്ത 48 മലയാളികൾ ഉൾപ്പെടെ 76 നഴ്സുമാരെ പിരിച്ച് വിടാൻ നോട്ടീസ് നൽകി. വാർത്തകൾ അവസാനിക്കുന്നില്ല. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം വഴിമുട്ടുകയാണോ?. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും വേണ്ടപ്പെട്ട ഉദ്യോഗ്സ്ഥരും ശ്രമിച്ചിട്ടും ഫലം കാണാൻ സാധിക്കുന്നില്ലെ?. ചോദ്യങ്ങൾ ഇനിയും ബാക്കിയാവുകയാണ്.
സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒമാൻ ഭരണകൂടം നേഴ്സുമാരെ പിരിച്ചു വിടുന്നു. എന്നാൽ പിരിച്ചു വിടുമ്പോൾ അവർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാൻ മടിക്കുന്നതെന്ത്. അവരുടെ അവകാശമല്ലെ ഓരോ തൊഴിലാളികളും ആവശ്യപ്പെടുന്നത്. ഓരോ തൊഴിലാളികളും തൊഴിൽ കരാറിൽ ഒപ്പു വെച്ചതിന് ശേഷമാണ് ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നത്. പിന്നീട് എന്താണിവർക്ക് സംഭവിക്കുന്നത്. തൊഴിൽ കരാറിലെ നിബന്ധനകൾ പാലിക്കാത്തത് ആരാണ്. തൊഴിലാളികളോ ഉടമകളോ?.
സൗദി തൊഴിൽ നിയമപ്രകാരം ഓരോ തൊഴിലാളികൾക്കും വർഷത്തിൽ 21 ദിവസം ശമ്പളത്തോട് കൂടി അവധിക്ക് അർഹതയുണ്ട്. അഞ്ചു വർഷം വരെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. വാരാന്ത്യ അവധി തൊഴിലാളികൾക്ക് നിയമപരമായി തന്നെ തൊഴിലുടമ അനുവദിക്കേണ്ട ഔദ്യോഗിക അവധി ദിവസമാണ്. ആ അവധിക്ക് തൊഴിലുടമ ശമ്പളവും നൽകണം. ഈ ദിവസം തൊഴിലാളിയെകൊണ്ട് പണിയെടുപ്പിക്കാനോ ശമ്പളം വെട്ടിക്കുറക്കാനോ ഉടമക്ക് അവകാശമില്ല.
പിരിഞ്ഞ്പോകുമ്പോഴുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ പലരോടും വിവേചനം കാണിക്കുകയാണ്. ഗ്രാറ്റുവിറ്റിയായി ലഭിക്കേണ്ട തുക മുഴുവന്‍ നല്‍കുന്നില്ലെന്നാണു നഴ്സുമാരുടെ പരാതി. സൗദിയിൽ കുടുങ്ങി കിടക്കുന്നവരുടെ അവസ്ഥയും മറിച്ചല്ല. നാടുകളിലേക്ക് അത്യാവശ്യമായി തിരികെ പോകേണ്ടവരുടെ കണക്കുകൾ എടുത്ത് അവരെ നാട്ടിലേക്ക് മടക്കി അയക്കാനും നീക്കങ്ങൾ നടക്കുന്നു. എന്നാൽ തങ്ങൾക്ക് ലഭിക്കേണ്ട ശമ്പളം മുഴുവനും ലഭിക്കാതെ പോകില്ലെന്ന് ഇന്ത്യാക്കാർ. പുറത്തു നിന്ന് നോക്കിയാൽ ഇത് ഒരുപക്ഷേ വാശിയാണെന്ന് തോന്നുമെങ്കിലും സത്യത്തിൽ ഇത് തൊഴിലാളികളുടെ ഗതികേടല്ലെ. മറ്റുള്ളവരുടെ പണമല്ല ഇവർ ആവശ്യപ്പെടുന്നത്. വർഷങ്ങളായി അധ്വാനിച്ച പണമാണ്.
ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യാഥാർത്ഥ്യബോധത്തോടെ അത് തിരിച്ചറിഞ്ഞ് മടക്കയാത്രയ്ക്ക് ശ്രമിക്കാറുണ്ട് പ്രവാസികൾ. എന്നാൽ ഇത്തവണ ഇവർക്ക് നേരിടേണ്ടി വന്നിരിക്കുന്നത് ഇതുവരെയുള്ള ജീവിതത്തിന്റെ നഷ്ടകണക്കുകളാണ്. ഗൾഫിൽ തൊഴിലെടുക്കുന്നവർക്ക് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമുണ്ടായാൽ ഏഷ്യൻ രാജ്യങ്ങളിൽ അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന കാര്യം അതത് സർക്കാരുകൾക്ക് അറിയാം.
എന്നാൽ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവില്ലായ്മയാണോ ഗൾഫ് പ്രവാസികൾ നേരിട്ടു കൊണ്ടിരിക്കുന്നതിന്റേയും ഇനി നേരിടാൻ പോകുന്നതിന്റേയും കാരണം. പ്രവാസികളുടെ ഈ
ദുരന്ത ജീവിതത്തിന്റെ ബാക്കിപത്രമെന്ത്. ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ പ്രവാസികളുടെ മടക്കയാത്രയിൽ നാം നേരിടുന്ന പ്രത്യാഘാതം വലുതായിരിക്കും. ഇത്തരത്തിലുള്ള മടക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നേ ഇപ്പോൾ പറയാൻ സാധിക്കുകയുള്ളു. കാരണം സംഭവങ്ങളുടെ പോക്ക് അങ്ങോട്ടേക്കാണ്.
വ്യക്തമായ ഒരു പ്ലാനു പദ്ധതികളും ഇല്ലാതെയാണ് മിക്ക മലയാളികളും ഗൾഫ് നാടുകളിൽ കഴിഞ്ഞു കൂടുന്നത്. അങ്ങനെയുള്ളപ്പോൾ ഈ പ്രശ്നങ്ങൾ അവരെ എത്രത്തോളം ബാധിക്കുമെന്ന കാര്യം ഊഹിക്കാൻ കഴിയാവുന്നതാണ്. മറുനാടൻ തൊഴിലാകളോട് തൊഴിൽപരമായ നീതി പുലർത്താതിരിക്കുമ്പോൾ ഒന്നാമതായി തകരുന്നത് കമ്പനികളുടെ (ഗൾഫ് രാജ്യങ്ങളുടെ) തന്നെ സമ്പദ് വ്യവസ്ഥയായിരിക്കും.