'ഓപ്പറേഷന്‍ മാഡംജി'; പാകിസ്ഥാൻ മിലിറ്ററി ഇന്റലിജൻസിന് വിവരങ്ങൾ ചോർത്തിനൽകിയ യുവാവ് അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (09:57 IST)
ഛണ്ഡീഗഡ്: പാകിസ്ഥാൻ മിലിട്ടറി ഇന്‍റലിജന്‍സിന് വിവരങ്ങള്‍ ചോര്‍ത്തി നൽകിവന്ന മിലിറ്ററി എഞ്ചിനിയറിങ് സർവീസസിലെ ജീവനക്കാരൻ അറസിൽ. മിലിറ്ററി എഞ്ചിനിയറിങ് സർവീസസിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് കുമാറിനെയാണ് ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന പൊലീസ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. 'ഓപ്പറേഷന്‍ മാഡംജി'എന്ന ദൗത്യത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.

കുമാർ പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തി നടത്തുന്നതായി ഇക്കഴിഞ്ഞ ജൂണിലാണ് ലക്നൗ മിലിട്ടറി ഇന്റലിജന്‍സിന് സൂചനകള്‍ ലഭിക്കുന്നത്. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ പാകിസ്താന്‍ മിലിട്ടറിയില്‍ ജോലി ചെയ്യുന്ന യുവതിക്ക് കൈമാറുന്നുവെന്നായിരുന്നു രഹസ്യ വിവരം. പാക് മിലിറ്ററി ഇന്റലിജൻസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു യുവതിയുമായി ഇയാള്‍ സോഷ്യല്‍ മീഡിയ വഴി സൗഹൃദത്തിലായിരുന്നു. 'മാഡംജി' എന്നാണ് കുമാർ ഈ യുവതിയെ വിളിച്ചിരുന്നത്.

പാകിസ്താന്‍ ഇന്റലിജൻസുമായി ബന്ധപ്പെട്ട മൂന്നോളം പേരുമായി ഇയാൾക്ക് സൗഹൃദമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ രണ്ടര വർഷത്തോളമായി ഇയാൾ പാകിസ്ഥാൻ മിലിറ്ററി ഇന്റലിജൻസിനായി വിവരങ്ങൾ ചോർത്തി നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി പണവും കൈപ്പറ്റുന്നുണ്ട്. രണ്ട് തവണകളായി 5,000 രൂപ കൈപ്പറ്റിയെന്നാണ് വിവരം. ജയ്പൂരിലെ ഒരു ആര്‍മി ബ്രിഗേഡിന്‍റെയും മുതിര്‍ന്ന ചില ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ഹണിട്രാപ്പില്‍ കുരുക്കിയാണ് പാക് മിലിട്ടറി ഇന്‍റലിജന്‍സ് ഇയാളിൽനിന്നും വിവരങ്ങൾ ചോർത്തിയിരുന്നത് എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :