ന്യുഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (15:42 IST)
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ രണ്ടു ദിവസത്തിനകം നടത്തിയേക്കുമെന്ന് സൂചന. പദ്ധതി നടപ്പാക്കുന്നതിനായി വിമുക്ത ഭടന്മാരുടെ നിരാഹാര സമരം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കരട് രൂപം തയ്യാറാക്കുന്നത്.
പദ്ധതി സംബന്ധിച്ച അപാകതകള്‍ പരിശോധിക്കാന്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെയും സര്‍ക്കാര്‍ നിയമിച്ചേക്കും. ആറു മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുന്‍കാല പ്രാബല്യത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. 2014 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം ലഭിക്കുന്ന പദ്ധതിയുടെ അടിസ്ഥാന വര്‍ഷം 2013 ആയിരിക്കും.
24.25 ലക്ഷം വിമുക്ത ഭടന്മാര്‍ രാജ്യത്തുണ്ട്. സൈനികരുടെ വിധവകളായ ആറു ലക്ഷത്തോളം പേരും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. നിലവില്‍ 54,000 കോടി രൂപയാണ് പെന്‍ഷനായി സര്‍ക്കാര്‍ നല്‍കുന്നത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതോടെ ഇത് 75,000 കോടി രൂപയായി ഉയരും. അതേസമയം കരട് റിപ്പോര്‍ട്ടില്‍ വിമുക്ത ഭടന്മാര്‍ക്ക് അതൃപ്തിയുണ്ട്.
പെന്‍ഷന്‍ ഏകീകരണം സംബന്ധിച്ച അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കാനാണ് കരട് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഓരോ വര്‍ഷവും പെന്‍ഷന്‍ ഏകീകരണം വേണമെന്നാണ് വിമുക്ത ഭടന്മാരുടെ ആവശ്യം. അതിനു കഴിയില്ലെങ്കില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏകീകരണം നടപ്പാക്കണം. 2014 ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി പ്രബല്യത്തില്‍ വേണമെന്നാണ് വിമുക്ത ഭടന്മാരുടെ ആവശ്യം.
പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിമുക്ത ഭടന്മാരെ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര്‍ സര്‍വ്വസൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതിക്കും നിവേദനം നല്‍കിയിരുന്നു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കണമെന്ന് ആര്‍.എസ്.എസും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതോടെയാണ് പദ്ധതിക്ക് ജീവന്‍വച്ചത്.