ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (08:36 IST)
രാജ്യത്തെ 69 ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ, വിദേശകമ്പനികള്‍ക്ക് ലേലത്തിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഒഎന്‍ജിസിയുടെയും ഓയില്‍ ഇന്ത്യയുടെയും നിയന്ത്രണത്തിലുള്ള എണ്ണ, പ്രകൃതിവാതക പാടങ്ങള്‍ വരുമാനം പങ്കുവെക്കല്‍ മാതൃകയില്‍ ലേലം ചെയ്യാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ചെറുകിട, ഇടത്തരം വിഭാഗത്തില്‍പെടുന്നതും നിലവില്‍ പൂര്‍ണമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ലാത്തതുമായ എണ്ണപ്പാടങ്ങളാണിവ.
ലാഭകരമല്ലെന്നു കണ്ട് കേന്ദ്രസര്‍ക്കാരിനു കൈമാറിയ ഒഎന്‍ജിസിയുടെ 63 ഉം ഓയില്‍ ഇന്ത്യയുടെ ആറും പാടങ്ങളാണ് ഇത്തവണ ലേലത്തിനു വയ്‌ക്കുന്നത്. വിസ്‌തൃതി കൊണ്ടും ഭൂമിശാസ്‌ത്രപരമായ ബുദ്ധിമുട്ടുകള്‍ കൊണ്ടും പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്ക് പര്യവേഷണവും ഉദ്‌പാദനവും നടത്താന്‍ കഴിയാതിരുന്ന പാടങ്ങളാണിവ.
ലേലം വിളിയിലൂടെ 70,000 കോടി രൂപ പൊതുഖജനാവിലേക്കു വരുമെന്നാണ് കരുതുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ലോകത്തെ നാലാമത്തെ വലിയ എണ്ണ ഉപഭോക്‌താവായ ഇന്ത്യ, ആവശ്യമുള്ളതിന്റെ ചെറിയ ഭാഗം എണ്ണ മാത്രമേ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ലാഭകരമല്ലാത്ത എണ്ണപ്പാടങ്ങള്‍ വിദേശ കമ്പനികള്‍ക്കു നല്‍കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
സ്വകാര്യമേഖലയുമായി എണ്ണ, പ്രകൃതിവാതകത്തിനുള്ള കരാര്‍ ഉണ്ടാക്കുമ്പോള്‍ നേരത്തേ ഉത്പാദനം പങ്കുവെക്കല്‍ കരാറാണ് ഉണ്ടാക്കിയിരുന്നത്. അതില്‍നിന്ന് മാറി വരുമാനം പങ്കുവെക്കല്‍ കരാറിലാണ് ഇനി ഏര്‍പ്പെടുക. ഇതുവഴി സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് പെട്രോളിയംമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ലേലത്തിനുവയ്‌ക്കുന്ന 69 പാടങ്ങളില്‍ 36 എണ്ണം തീരത്തുനിന്നും അകലെയുള്ളതും 33 എണ്ണം തീരങ്ങളിലുമാണ്. അരുണാചല്‍പ്രദേശ്, തമിഴ്‌നാട്, അസം, രാജസ്‌ഥാന്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് എണ്ണപ്പാടങ്ങള്‍ സ്‌ഥിതിചെയ്യുന്നത്.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍, വിലയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ അടിസ്ഥാനമാക്കി, സര്‍ക്കാറുമായി പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്ന വരുമാനം നേരത്തേ കാണിക്കണം. സര്‍ക്കാറുമായി പരമാവധി വരുമാനമോ എണ്ണയോ പ്രകൃതിവാതകമോ പങ്കുവെക്കാന്‍ മുന്നോട്ടുവരുന്ന കമ്പനികള്‍ക്കായിരിക്കും ലേലം ഉറപ്പിക്കുക. എണ്ണപ്പാടങ്ങളില്‍നിന്ന് ഉത്പാദിക്കുന്ന പ്രകൃതിവാതകവും എണ്ണയും വിപണിവിലയ്ക്ക് വില്‍ക്കാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവും. ആര്‍ക്ക് വില്‍ക്കണമെന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ ഇടപെടലുണ്ടാവില്ല. നേരത്തേ ലേലത്തിന് സ്വീകരിച്ചിരുന്ന നടപടിക്രമങ്ങള്‍ സിഎജി.യുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. ആ പശ്ചാത്തലത്തില്‍കൂടിയാണ് പുതിയ രീതിയിലേക്ക് പോകുന്നത്.
1999-ല്‍ പുതിയ പര്യവേക്ഷണത്തിനുള്ള ദേശീയ ലൈസന്‍സിങ് നയം നിലവില്‍വന്നശേഷം ഇതുവരെ 254 എണ്ണ ബ്ലോക്കുകളാണ് ലേലം ചെയ്തത്. ഇവയെല്ലാം ഉത്പാദനം പങ്കുവെക്കുക എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ലേലം നടപടികള്‍ നടക്കും. 20 വര്‍ഷത്തേക്കാണ് കരാര്‍. അതിനു ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ച് 10 വര്‍ഷം കൂടി കരാര്‍ കാലാവധി നീട്ടിനല്‍കും. ഉല്‍പ്പാദനം തുടങ്ങുന്നതിന്റെ രീതികളിലും സര്‍ക്കാര്‍ നിശ്‌ചിത കാലപരിധി വച്ചിട്ടുണ്ട്. ആദ്യ മൂന്നുവര്‍ഷം കരയിലും പിന്നീടുള്ള നാലുവര്‍ഷം വെള്ളത്തിനടിയിലും അടുത്ത ആറുവര്‍ഷം ആഴത്തിലുമാണ് ഉത്‌പ്പാദനം നടത്തേണ്ടത്. ഈ കാലപരിധി ഏതെങ്കിലും പര്യവേഷകര്‍ക്ക് പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരില്‍ നിന്നു പാടങ്ങള്‍ തിരികെ വാങ്ങുന്നമെന്നും ലേല വ്യവസ്‌ഥയിലുണ്ട്.