ഒമിക്രോണ്‍ ഭീതിയില്‍ സംസ്ഥാനങ്ങള്‍; ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

രേണുക വേണു| Last Modified വ്യാഴം, 23 ഡിസം‌ബര്‍ 2021 (07:50 IST)

ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണം. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ള ഡല്‍ഹിയില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തി. സാമൂഹ്യ-സാംസ്‌കാരിക ഒത്തുചേരലുകള്‍ക്കെല്ലാം വിലക്കുണ്ട്. ഹോട്ടലുകളിലും പബ്ബുകളിലും 50 ശതമാനം ആളുകള്‍ക്കെ പ്രവേശനമുള്ളു. പൊതുയോഗം, കല്യാണം, സമ്മേളനങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

മഹാരാഷ്ട്രയില്‍ ഡിസംബര്‍ 16 മുതല്‍ 31 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളു. വാക്സിന്‍ എടുക്കാത്തവര്‍ മറ്റുള്ളവര്‍ക്കൊപ്പം പൊതുഗതാഗത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അറിയിച്ചു. 200ലധികം ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ക്ക് വാര്‍ഡ് ഓഫീസര്‍മാരില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണം. ഇന്‍ഡോര്‍ ഹാളുകളില്‍ നടക്കുന്ന പരിപാടിക്ക് സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായും നിജപ്പെടുത്തി.

കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരിടത്തും പൊതു ചടങ്ങുകളോ ആഘോഷ പരിപാടികളോ നടത്തരുത്. ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ ഡിസംബര്‍ 31 വരെ നീട്ടി. രാത്രി 1 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. ഹോട്ടലുകളിലും വ്യായാമ കേന്ദ്രങ്ങളിലും 75 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :