തമിഴകത്ത് രാഷ്‌ട്രീയം കലങ്ങിമറിയുന്നു; ഇനിയുള്ള സാധ്യതകള്‍ എന്തൊക്കെ ?

ഇനിയുള്ള സാധ്യതകള്‍ ഇതൊക്കെ

ചെന്നൈ| Last Updated: ബുധന്‍, 8 ഫെബ്രുവരി 2017 (18:05 IST)
തമിഴ്നാട്ടില്‍ രാഷ്‌ട്രീയസാഹചര്യം അനുദിനം മാറുകയാണ്. പിന്തുണയറിയിച്ച എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ, കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം പുതിയ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഗവര്‍ണര്‍ ചെന്നൈയില്‍ എത്താതെ, എം എല്‍ എമാരെ ഹാജരാക്കില്ലെന്നാണ് ശശികലയുടെ നിലപാട്. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ സംഭവിക്കാനുള്ള രാഷ്‌ട്രീയനീക്കങ്ങള്‍, സാധ്യതകള്‍ പരിശോധിക്കുന്നു.

1. പനീര്‍സെല്‍വം രാജി പിന്‍വലിക്കുകയാണെന്ന് ഗവര്‍ണറെ അറിയിക്കുക. എന്നാല്‍, സ്വീകരിച്ചുകഴിഞ്ഞ രാജി പിന്‍വലിക്കുമ്പോള്‍ അതിനെ ഭരണഘടനാപരമായി എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നത് ഗവര്‍ണറുടെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കും.

2. നിയമസഭ കക്ഷിനേതാവായി ശശികലയെ ഇന്ന് തെരഞ്ഞെടുക്കുകയും ശശികല മുഖ്യമന്ത്രിയാകാന്‍ സാഹചര്യം ഒരുങ്ങിയാലും ഗവര്‍ണര്‍ ചെന്നൈയില്‍ എത്താത്തിടത്തോളം കാലം അത് നടക്കില്ല.

3. ചെന്നൈയില്‍ ഗവര്‍ണര്‍ എത്തുകയും സത്യപ്രതിജ്ഞ നടക്കുകയും ചെയ്താലും, അനധികൃത സ്വത്തുസമ്പാദന കേസില്‍ സുപ്രീംകോടതി
വിധി വരാനിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വിധി വരുമെന്നാണ് കരുതുന്നത്. വിധി ശശികലയ്ക്ക് പ്രതികൂലമായാല്‍ മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ അവര്‍ക്ക് കഴിയില്ല.

4. നിലവിലെ സാഹചര്യത്തില്‍ പണം കൊടുത്ത് ശശികലയ്ക്ക് എം എല്‍ എമാരെ ഒപ്പം നിര്‍ത്താന്‍ കഴിയും. ഒ പി എസിന് നിലവില്‍ കഴിയാത്തതും അതാണ്.

5. പണം കൊടുത്ത് എം എല്‍ എമാരെ ഒപ്പം നിര്‍ത്തിയാലും അനധികൃത സ്വത്തു സമ്പാദനകേസില്‍ വരാനിരിക്കുന്ന സുപ്രീംകോടതി വിധി നിര്‍ണായകമാകും.

6. ഒ പി എസിന് പിന്നില്‍ ബി ജെ പി ആണെന്ന് ആരോപണം ഉണ്ട്. അരുണാചല്‍പ്രദേശില്‍
സംഭവിച്ചതു പോലെയുള്ള രാഷ്‌ട്രീയ നീക്കങ്ങള്‍ ചെന്നൈയില്‍ നടക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍, അധികാരം ഉപയോഗിച്ച് പനീര്‍സെല്‍വത്തിന്റെ പക്ഷത്തേക്ക് കൂടുതല്‍ എം എല്‍ എമാരെ ചേര്‍ക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന് നടത്താം.

7. ബി ജെ പിക്ക് തമിഴ്നാട്ടില്‍ നിലവില്‍ പ്രസക്തിയില്ല. ഡി എം കെ - ബി ജെ പി സഖ്യത്തിനും നിലവില്‍ സാധ്യതയില്ല. അതിനാല്‍, പനീര്‍സെല്‍വത്തെ ഇപ്പോള്‍ ശക്തിപ്പെടുത്തി നാലുവര്‍ഷത്തിനു ശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍
എ ഐ എ ഡി എം കെയുമായി സഖ്യമുണ്ടാക്കാന്‍ ബി ജെ പിക്ക് ശ്രമിക്കാം.

8. ശശികലയ്ക്ക് എതിരെ തമിഴ് ജനതയുടെ വികാരം ശക്തമാണെങ്കിലും എം എല്‍ എമാരെ ഒപ്പം നിര്‍ത്തി അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് ശശികലയ്ക്ക് മുമ്പിലുള്ള ഒരേയൊരു പോംവഴി.

9. ഇതിനിടെ, അസംതൃപ്‌തരായ എ ഐ എ ഡി എം കെ, എം എല്‍ എമാരെ സ്വാധീനിക്കാന്‍ ഡി എം കെ ശ്രമം നടക്കുന്നുണ്ട്. ശശികല മുഖ്യമന്ത്രിയാകുന്നതില്‍ താല്പര്യമില്ലാത്ത 40 എം എല്‍ എമാര്‍ ഡി എം കെ യിലേക്ക് അടുക്കുകയാണെന്ന് ചൊവ്വാഴ്ച മുതലേ വാര്‍ത്തകള്‍ ഉണ്ട്.

10. മന്ത്രിസഭ രൂപീകരിക്കണമെങ്കില്‍ 234 അംഗ നിയമസഭയില്‍ ഡി എം കെയ്ക്ക് 118 അംഗങ്ങളുടെ പിന്തുണ വേണം. നിലവില്‍ ഡി എം കെയ്ക്ക് 89 സീറ്റുകള്‍ ആണുള്ളത്.

11. സഖ്യകക്ഷികളായ കോണ്‍ഗ്രസിന് എട്ടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഒരു സീറ്റുമുണ്ട്. 20 എം എല്‍ എമാര്‍ കൂടിയുണ്ടെങ്കില്‍ ഡി എം കെയ്ക്ക് മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാം.

12. എ ഐ എ ഡി എം കെയ്ക്ക് നിലവില്‍ 135 സീറ്റുകളാണ് ഉള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാല്‍ 117 അംഗങ്ങളുടെ പിന്തുണയെങ്കിലും ശശികലയ്ക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ മതി.

13. ജയലളിതയുടെ മരണത്തില്‍ കാവല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ശശികലയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. ശശികലയുടെ ഒപ്പം നില്‍ക്കുന്ന എം എല്‍ എമാരെ തിരിച്ചെത്തിക്കാനും ഇതേ മാര്‍ഗം ഉപയോഗിക്കാന്‍ കഴിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :