അഭിറാം മനോഹർ|
Last Modified ബുധന്‍, 31 ജനുവരി 2024 (14:28 IST)
തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ക്ഷേത്രങ്ങള്‍ പിക്‌നിക് സ്‌പോട്ടുകളല്ലെന്നും പ്രവേശനകവാടങ്ങളില്‍ കൊടിമരത്തിന് ശേഷം അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കികൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വ്യക്തികള്‍ക്ക് അവരവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്ടിക്കാനും അവകാശമുണ്ടെന്നും മറ്റ് മതവിശ്വാസികള്‍ക്ക് ഹിന്ദു മതത്തില്‍ വിശ്വാസമില്ലെങ്കില്‍ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കാന്‍ ഭരണഘടന ഒരു അവകാശവും നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.ഹിന്ദുമതത്തിലെ ആചാരങ്ങള്‍ പിന്തുടരുകയും ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്ന അഹിന്ദുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാമെന്നും കോടതി വിധിയില്‍ പറയുന്നു.