ഇന്ത്യയിൽ ജനാധിപത്യം ഇല്ല: ആരെങ്കിലും അങ്ങനെ കരുതുന്നുവെങ്കിൽ അത് സങ്കൽപ്പം മാത്രമെന്ന് രാഹുൽ ഗാന്ധി

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഡിസം‌ബര്‍ 2020 (17:02 IST)
ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അങ്ങനെ ആരെങ്കിലും കരുതുന്നുവെങ്കിൽ അത് വെറും സങ്കൽപ്പം മാത്രമാണെന്നും പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നറെ ഭീകരരായി മുദ്രകുത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്ത് നടക്കുന്ന കർഷകസമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ഉറ്റമിത്രങ്ങളായ മുതലാളിമാർക്കായി പണം സമ്പാദിക്കുകയാണ് പ്രധാനമന്ത്രി. തനിക്കെതിരെ നിൽക്കുന്നത് കർഷകരോ,തൊഴിലാളികളോ ഇനി മോഹൻ ഭാഗവതോ തന്നെയായാലും അവരെ ഭീകരവാദികളായി മുദ്ര കുത്തും. രാഹുൽ പറഞ്ഞു.

ഡൽഹിയിൽ കർഷകപ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു രാഹുൽ. മുതിർന്ന കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി,ഗുലാം നബി ആസാദ് എന്നിവർക്കൊപ്പം എത്തിയ രാഹുൽ കാർഷിക നിയമങ്ങൾക്കെതിരെ രണ്ടുകോടി പേർ ഒപ്പിട്ട മെമ്മോറാണ്ടം രാഷ്ട്രപതിക്ക് കൈമാറി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :