ഇന്ത്യയുമായി സമാധാന ചർച്ചകൾ തുടരുമെന്ന് പാക്കിസ്ഥാൻ

ഇന്ത്യയുമായുള്ള സമാധാനചർച്ചകൾ ഇനിയും തുടരുമെന്ന് പാക്കിസ്ഥാൻ

ന്യൂഡൽഹി, ഇന്ത്യ, പാകിസ്ഥാന്‍ newdelhi, india, pakisthan
ന്യൂഡൽഹി| സജിത്ത്| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (08:04 IST)
ഇന്ത്യയുമായുള്ള സമാധാനചർച്ചകൾ ഇനിയും തുടരുമെന്ന് പാക്കിസ്ഥാൻ. സമാധാന ചർച്ചകൾ നിർത്തിവച്ചതായി ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണർ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഒരാഴ്ച പിന്നിടുമ്പോഴാണ് സർക്കാർ ആദ്യത്തെ നിലപാട് മാറ്റിയത്. കൂടിയാലോചനകൾക്കുള്ള വാതിൽ തുറന്നുകിടക്കുകയാണെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം വക്താവ് നഫീസ് സക്കറിയ വ്യക്തമാക്കി. പരസ്പരബന്ധം മെച്ചപ്പെടുത്താന്‍ ചർച്ചകളാണ് ഏറ്റവും നല്ല മാർഗം. രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾക്കും ചർച്ചകൾക്കുമുള്ള മാർഗമാണ് നയതന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിൽ നല്ലബന്ധം തുടരുന്നുണ്ട്. വിദേശകാര്യ സെക്രട്ടറിതല ചർച്ചകൾ തുടരണം. എന്നാൽ അത് മുൻകൂർ തീരുമാനങ്ങളോ ധാരണകളോ ഇല്ലാതെയായിരിക്കണം നടത്തേണ്ടത്. എല്ലാ നടപടിക്രമങ്ങളും നടപ്പായാൽ സെക്രട്ടറിതല ചർച്ചകളും മുടക്കം കൂടാതെ നടക്കുമെന്നും നഫീസ് വ്യക്തമാക്കി.

ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളത്തിലാണ് ഇന്ത്യയുമായുള്ള സമാധാനചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി ഹൈക്കമ്മീഷണറായ അബ്ദുൽ ബാസിത് കഴിഞ്ഞയാഴ്ച അറിയിച്ചത്. സെക്രട്ടറിതല ചർച്ചകൾ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജനുവരി രണ്ടിന് പഠാൻകോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ മാറ്റിവച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :