ബിജെപിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് എന്‍സിപി

മുംബൈ| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (17:00 IST)
മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് എന്‍സിപി. സംസ്ഥാനത്ത് സുസ്ഥിര ഭരണമാണ് എന്‍സിപി ആഗ്രഹിക്കുന്നത്. കേന്ദ്രവുമായി യോജിച്ചു പോകുന്ന സര്‍ക്കാര്‍ മഹാരാഷ്ട്രയുടെ വികസനത്തിന് ആവശ്യമാണെന്നും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.

നിലവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിക്ക് സഖ്യകക്ഷികളുടെ സഹായം ആവശ്യമാണ്. ഇതിനായി രണ്ടാമതെത്തിയ ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയുടെ പുരോഗതിക്കായുള്ള സഖ്യത്തിന് തയാറാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ പുറത്തു നിന്നു പിന്തുണയ്ക്കുമെന്ന് എന്‍സിപി അറിയിച്ചിരിക്കുന്നത്.

അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്നും മുഖ്യമന്ത്രിയും ബിജെപിയുടേതായിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫദ്നാവിസ് പറഞ്ഞു. ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ ബിജെപി നിയമസഭാകക്ഷിയോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. എന്‍സിപിയുമായി കൈകോര്‍ക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :