അപർണ|
Last Modified വെള്ളി, 4 മെയ് 2018 (08:08 IST)
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇത്തവണ ശ്രദ്ധേയമായത് കടുത്ത പ്രതിഷേധത്താലും ബഹിഷ്കരണത്താലുമാണ്. മലയാളത്തില്‍ നിന്നുള്ള പുരസ്കാര ജേതാക്കള്‍ ഉള്‍പ്പടെ 68 പേരാണ് പുരസ്കാര വിതരണം ബഹിഷ്കരിച്ചത്. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.
സംഭവത്തിൽ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ തകര്‍പ്പന്‍ പ്രതികരണം. തൊഴുത്തില്‍കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്നും പുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച ജേതാക്കള്‍ക്ക് പടക്കം പൊട്ടുന്ന കൈയ്യടിയെന്നും ലിജോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും പൊള്ളുന്നുണ്ടെങ്കില്‍ അവരുടെ മുഖത്ത് കാറി നീട്ടി തുപ്പുകയാണെന്നും പെല്ലിശ്ശേരി പറഞ്ഞു. എത്ര വലിയ അവാര്‍ഡായാലും അത് അര്‍ഹതപ്പെട്ട കലാകാരന്‍ വേണ്ടെന്നു വച്ചാല്‍ അതിന് പിന്നെ ആക്രിയുടെ വില മാത്രമായിരിക്കും. ഒപ്പം അപമാനിക്കപ്പെട്ട കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യമെന്നും ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.
പടക്കം പൊട്ടുന്ന കയ്യടി
സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .
കാറി നീട്ടിയൊരു തുപ്പ്
മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .
ഉരുക്കിന്റെ കോട്ടകള്‍ ,
ഉറുമ്പുകള്‍ കുത്തി മറിക്കും .
കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം ,
പൊടിപൊടിയായ് തകര്‍ന്നമരും .
അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക്
ഐക്യദാര്‍ഢ്യം .