മോഡി യുഎഇയിലെത്തി; പ്രതീക്ഷയോടെ ഇന്ത്യന്‍ സമൂഹം

നരേന്ദ്ര മോഡി , മോഡി യുഎഇയില്‍ , യുഎഇ , അബുദാബി
അബുദാബി| jibin| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (17:51 IST)
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎഇയിലെത്തി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ യുഎഇ സമയം ഉച്ചയ്ക്ക് 2.55 ന് എത്തിയ അദ്ദേഹത്തിന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ യുഎഇ ഉപപ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനുമായ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ സ്വീകരിച്ചാനയിച്ചു.

വിമാനത്താവളത്തില്‍ നിന്നും എമിറേറ്റ്സ് ഹോട്ടലിലേക്ക് പോയ മോഡി അവിടെ വിശ്രമത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മുസ്ലീം പ്‌ളളിയായ അബുദാബിയിലെ ഗ്രാന്റ് മോസ്‌കും ലേബര്‍ക്യാംപും ആദ്യം സന്ദര്‍ശിക്കുക. വൈകിട്ട് ഏഴിന് മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എക്കോഡ് റസിഡൻഷ്യൽ സിറ്റിയിലെ മുന്നൂറോളം തൊഴിലാളികളുമായി മോഡി
ആശയവിനിമയം നടത്തും. തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രി ലേബർ ക്യാംപ് സന്ദര്‍ശിക്കുന്നത്.

പിന്നീട് എമിറേറ്റ്സ് പാലസ് ഹോട്ടിലിലേയ്ക്ക് മടങ്ങുന്ന പ്രധാനമന്ത്രി ചില പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്‌ച രാവിലെ എട്ടരയ്ക്ക് ഹൈടെക്സിറ്റിയായ അബുദാബി മസ്ദർ സിറ്റി സന്ദർശിക്കും. സന്ദര്‍ശനത്തില്‍ ഇന്ത്യയും യുഎഇയും ഊര്‍ജ, വാണിജ്യ, വ്യാപാര, വ്യവസായ, പ്രതിരോധ മേഖലകളില്‍ സഹകരണത്തിനുള്ള ഒട്ടേറെ കരാറുകളിലും ഒപ്പുവയ്ക്കുമെന്നാണു സൂചന. അതേസമയം, പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുമ്പോള്‍ വിമാന ടിക്കറ്റ് നിരക്ക്, പ്രവാസിവോട്ട് എന്നീ വിഷയങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഇന്ത്യന്‍ സമൂഹം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുഎഇ സന്ദര്‍ശിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :