ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയ ഭാര്യയും കാമുകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 6 ജൂലൈ 2022 (18:52 IST)
അഹമ്മദാബാദ് : ഭർത്താവിനെ കൊല്ലാൻ നൽകിയ ഭാര്യയും കാമുകനും അറസ്റ്റിലായി. പ്രഭാത സവാരിക്കിടെ ട്രക്കിടിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഇത്തരമൊരു ട്വിസ്റ്റ്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി അഹമ്മദാബാദിലെ വസ്ത്രാൽ ഗ്യാലക്സി കോറൽ സൊസൈറ്റിയിലെ ശൈലേഷ് പ്രജാപതി (43) പ്രഭാത സവാരിക്കിടെ ട്രക്കിടിച്ചു മരിച്ചിരുന്നു.

വാഹനം ഇയാളെ ഇടിച്ചശേഷം നിർത്താതെ പോയതിനാൽ പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് വാഹനാപകടം എന്ന നിലയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഈ വാഹനാപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായി. റോഡിൽ നിന്ന് മാറിനടന്ന യുവാവിനെ പാഞ്ഞു ചെന്ന് ട്രക്ക് ഇടിച്ചതായിരുന്നു ദൃശ്യങ്ങളിൽ കണ്ടത്. സംഭവം കൊലപാതകമാണെന്ന രീതിയിലായിരുന്നു ഇത് വൈറലായതും. ഇതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തു.

തുടർന്നുള്ള അന്വേഷണത്തിലാണ് വാഹനാപകടത്തിൽ മരിച്ച ശൈലേഷിന്റെ ഭാര്യ ശാരദ എന്ന സ്വാതി (41), ഇവരുടെ സുഹൃത്തായ നിതിൻ പ്രജാപതി (46) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വാതി തന്റെ വീടിനടുത്ത് താമസിക്കുന്ന നിതിൻ പ്രജാപതിയുമായി കഴിഞ്ഞ രണ്ടരക്കൊല്ലമായി പ്രണയത്തിലാണെന്നും തങ്ങളുടെ ബന്ധം തുടരാൻ ഭർത്താവ് തടസമാവും എന്നു കണ്ടാണ് ഇവർ ശൈലേഷിനെ കൊലപ്പെടുത്താൻ പദ്ധതി ഇട്ടത് എന്നും പോലീസ് കണ്ടെത്തി.


ഭർത്താവായ ശൈലേഷിനെ കൊലപ്പെടുത്തുന്നതിനായി നിതിൻ ഗോമതിപൂർ സ്വദേശിയായ യാസിൻ എന്നയാളെ കണ്ടെത്തി. ശൈലേഷിന്റെ ഭാര്യ സ്വാതി ഇയാൾക്ക് പത്ത് ലക്ഷം രൂപ നൽകാനും തയ്യാറായി. ഇതിനൊപ്പം ഭർത്താവിന്റെ ഫോട്ടോ യാസീന് നൽകി. ഭർത്താവ് പ്രഭാത സവാരിക്ക് പോകും എന്ന വിവരവും നൽകിയിരുന്നു.

കൊല നടത്താനായി തിരഞ്ഞെടുത്ത ദിവസം ശൈലേഷ് വീട്ടിൽ നിന്ന് പ്രഭാത സവാരിക്ക് ഇറങ്ങിയ വിവരവും സ്വാതി യാസിനെ അറിയിച്ചു. തുടർന്ന് ട്രക്കുമായി കാത്തുനിന്ന യാസിൻ റോഡിൽ നിന്ന് അകന്നു നടന്നിരുന്ന ശൈലേഷിനെ ട്രാക്ക് അതിവേഗത്തിൽ ഓടിച്ചു കൊലപ്പെടുത്തി. ശൈലേഷിന്റെ മരണത്തിൽ ശത്രുക്കളാരും ഇല്ലെന്നും സ്വാതി മൊഴി നൽകിയിരുന്നു. എന്നാൽ കൊല നടത്തിയ യാസിനെ ഇതുവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളെ രണ്ട് പേർ സഹായിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :