ന്യൂഡല്‍ഹി|
Last Modified ബുധന്‍, 28 മെയ് 2014 (11:58 IST)
അധികാരത്തിലേറിയ മോഡിയുടെ മന്ത്രിസഭ കോടീശ്വരന്മാരുടെ എണ്ണത്തിലും സമ്പന്നം.
മന്ത്രിസഭയിലെ 44 മന്ത്രിമാരില്‍ 40 പേരും (91 ശതമാനം) കോടീശ്വരന്‍മാരാണ്. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്ലിയാണ് കേന്ദ്ര മന്ത്രിസഭയിലെ അതിസമ്പന്നന്‍. മന്ത്രിമാരില്‍ 13 പേര്‍ (30 ശതമാനം) ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്. ഇതില്‍ എട്ടു പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നു.
കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരുടെ ശരാശരി സമ്പത്ത് 13.47 കോടിയാണെന്നും കണക്കുകളില്‍ പറയുന്നു. അരുണ്‍ ജെയ്‌റ്റ്ലി (113 കോടി), ഹര്‍സിമ്രത് കൗര്‍ ബാദല്‍ (108 കോടി), ഗോപിനാഥ് മുണ്ടെ (38 കോടി), മേനക ഗാന്ധി (37 കോടി), പിയൂഷ് ഗോയല്‍ (30 കോടി) എന്നിവരാണ് സമ്പന്നരായ കേന്ദ്രമന്ത്രിമാരില്‍ മുന്നില്‍.
അതേസമയം കേന്ദ്രമന്ത്രി സഭയില്‍ ഏറ്റവും കുറവ് സമ്പത്തു കുറഞ്ഞ മന്‍സുഖ്‌ഭായ് ധന്‍ജിഭായ് വാസവയുടെ സ്വത്ത് 65 ലക്ഷമാണ്. താവര്‍ചന്ദ് ഗലോട്ട് (86), സുദര്‍ശന്‍ ഭഗത് (90 ലക്ഷം), രാംവിലാസ് പാസ്വാന്‍ (96 ലക്ഷം), സഞ്‌ജീവ് കുമാര്‍ ബാല്യന്‍ (ഒരു കോടി) എന്നിവരാണ് 'ദരിദ്രരായ' മന്ത്രിമാര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
ഗുരുതര കുറ്റം ചെയ്‌ത കേന്ദ്രമന്ത്രിമാരുടെ പേരില്‍ കൊലപാതകശ്രമം, വര്‍ഗീയ അസ്വസ്‌ഥതകളുണ്ടാക്കല്‍, തട്ടിക്കൊണ്ടു പോകല്‍, തെരഞ്ഞെടുപ്പ് ചട്ടലംഘനം തുടങ്ങിയ കേസുകളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ജലവിഭവ വകുപ്പു മന്ത്രി ഉമാ ഭാരതിക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ് നിലവിലുണ്ട്. ഇതു കൂടാതെ സമൂഹത്തില്‍ വര്‍ഗീയ അസ്വസ്‌ഥത ഉണ്ടാക്കുന്നതിനും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും എതിരെയുള്ള കേസുകളും ഉമാ ഭാരതിയുടെ പേരിലുണ്ട്. ഗ്രാമവികസന മന്ത്രി ഗോപിനാഫ് മുണ്ടെയുടെ പേരിലുള്ളത് തട്ടിക്കൊണ്ടു പോകലിനുള്ള കേസാണ്. മുസഫര്‍ നഗര്‍ കലാപത്തിന് ഇടയാക്കിയ വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ഒരു മാസത്തോളം ജയിലിലായിരുന്ന സഞ്‌ജീവ് കുമാര്‍ ബാല്യനും കൃഷി സഹമന്ത്രിയായി മോഡി മന്ത്രിസഭയിലുണ്ട്.