ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 27 മെയ് 2014 (21:16 IST)
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി സംബന്ധിച്ച തന്‍റെ നിലപാട് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് തിരുത്തി. തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. വിവാദം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലയുള്ള സഹമന്ത്രിയാണ് ജിതേന്ദ്രസിംഗ്. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജിതേന്ദ്ര സിംഗിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചുവരുത്തിയിരുന്നു. അതിന് ശേഷമാണ് നിലപാട് മാറ്റാന്‍ ജിതേന്ദ്ര സിംഗ് തയ്യാറായത്.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുമെന്നായിരുന്നു ജിതേന്ദ്ര സിംഗിന്‍റെ പ്രസ്താവന. ഇത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പ്രതികരിച്ചിരുന്നു. ഇന്ത്യയുമായി കശ്മീരിനെ ബന്ധിപ്പിക്കുന്നത് ഭരണഘടനയുടെ വകുപ്പ് 370 അനുച്ഛേദം മാത്രമാണെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഒഴിവാക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞിരുന്നു. എന്തായാലും വളരെ സെന്‍സിറ്റീവായ ഈ വിഷയത്തിനല്ല ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതോടെയാണ് നിലപാട് തിരുത്താന്‍ ജിതേന്ദ്ര സിംഗ് തയ്യാറായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.