ന്യൂഡല്‍ഹി|
Last Updated:
തിങ്കള്‍, 26 മെയ് 2014 (12:20 IST)
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലോകനേതാക്കള്‍ തലസ്ഥാനത്തെത്തി. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ, മൌറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗുലം എന്നിവരാണ് ആദ്യം എത്തിയത്.
പതിനൊന്നുമണിയോടെ പാക്കിസ്ഥാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് പ്രസിഡന്റ് നവാസ് ഷെറീഫ് എത്തിയത്. നവാസിന്റെ മകനും 14 പ്രതിസംഘവും ഉള്‍പ്പടെ 30 അംഗങ്ങളാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഒരു പാക് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. അതേസമയം, ഇന്ത്യയിലേക്ക് പോകുന്നത് സമാധാനത്തിന്റെ സന്ദേശവുമായെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് പറഞ്ഞു. ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മുന്‍പായിരുന്നു പാക്ക് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
11:30ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ഡല്‍ഹിയിലെത്തി. നേപ്പാള്‍ രാഷ്ട്രത്തലവന്‍ സുശീല്‍ കൊയ്‌രാളയും ചടങ്ങിനെത്തിയിട്ടുണ്ട്. ഇവര്‍ക്ക് വൈകീട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിരുന്നൊരുക്കും. സാര്‍ക് രാഷ്ട്രതലവന്മാരുമായി നാളെ മോഡി ഉഭയകക്ഷി ചര്‍ച്ച നടത്തും.