മോഡിയെ കൊണ്ടുവന്നിട്ടും രക്ഷയില്ല, ആര്‍എസ്എസ്സില്‍ ചേരാന്‍ ആളില്ല!!!

മോഡി, ആര്‍എസ്എസ്, ഉത്തര്‍പ്രദേശ്
ലക്‌നൗ| vishnu| Last Modified ശനി, 31 ജനുവരി 2015 (12:45 IST)
ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെങ്കിലും നിഴല്‍ പോലെ ശക്തമായൊരു സംഘടന അവര്‍ക്ക് പിന്നിലുണ്ട്. കേന്ദ്ര ഭരണത്തില്‍ ആര് പ്രധാനമന്ത്രിയാകും എന്ന് ചൊല്ലി ബിജെപിയില്‍ അടിതുടങ്ങിയപ്പോളാണ് മോഡിയെ പ്രധാനമന്ത്രി സ്ഥനാര്‍ഥിയാക്കി ആ സംഘടന രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചത്. 89 വര്‍ഷത്തോളമായി ഇന്ത്യല്‍ പ്രവര്‍ത്തിച്ചുവരുന്ന ആ സംഘടനയുടെ പേര് ആര്‍എസ്എസ് എന്നാണ്. ബിജെപിയുടെ ഏറ്റവും സുശക്തമായ ശക്തിസ്രോതസായ ആര്‍എസ്എസ്സിന്റെ സ്വാധീനം ഇന്ന് ഇന്ത്യയില്‍ പല രൂ‍പത്തില്‍ ഭാവത്തില്‍ വേഷത്തില്‍, പ്രവൃത്തികളില്‍ രാജ്യത്തുണ്ടെന്ന് ഏത് കൊച്ചുകുട്ടിക്കുപോലുമറിയാം.

എന്നാല്‍ സംഘടനയുടെ ശക്തി അനുദിനം കുറഞ്ഞുവരുന്നതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെമ്പാടുമായി 44,982 ശാഖകള്‍ ദിവസവും പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്തുനിന്ന് അവയുടെ എണ്ണം കുറഞ്ഞുവരുന്നതായി സംഘടനാ നേതാക്കള്‍ തന്നെയാണ് വിലയിരുത്തിയിരിക്കുന്നത്. അടുത്തകാലത്തായി ആര്‍എസ്എസ്സില്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നത്. പല സ്ഥലങ്ങളിലും സംഘടനയുടെ ശാഖകളുടെ എണ്ണം നന്നായി കുറഞ്ഞു. കൂടാതെ സംഘടനയില്‍ പുതിയതായി ചേരുന്നവരുടെ എണ്ണവും നന്നായി കുറഞ്ഞിരിക്കുന്നതയും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'ജോയിന്‍ ആര്‍എസ്എസ്' എന്ന വെബ് സൈറ്റ് വഴി എങ്ങിനെ ആര്‍എസ്എസ്സില്‍ അംഗമാകാം എന്നതിനെക്കുറിച്ചറിയാന്‍ ദിവസം 200-250 പേരോളം എത്തുന്നുണ്ട്. എന്നാല്‍ അംഗമാകുന്നവര്‍ വളരെ ചുരുക്കമാണ്. കേന്ദ്രാധികാര പ്രാപ്തിക്കായി ബിജെപിയെ സഹായിച്ച ഉത്തര്‍പ്രദേശിലാണ് ആര്‍എസ്എസ്സിന്റെ പ്രഭാവം ഗണ്യമായി കുറയുന്നത് എന്നാണ് വിവരം. ജൂലൈയില്‍ ഉത്തര്‍പ്രദേശില്‍ 9,000 ആര്‍എസ്എസ് ശാഖകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 5,500 ആയി കുറഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് ആര്‍‌എസ്‌എസ് നേതാക്കളേക്കാള്‍ ബിജെപി നേതാക്കളാണ് ആശങ്കയിലായിരിക്കുന്നത്.

ബിജെപിയുടെ ഉത്തര്‍പ്രദേശിലെ മിന്നുന്ന വിജയത്തിനു പിന്നിലെ കരങ്ങള്‍ ആര്‍‌എസ്‌എസ്സിന്റേതായിരുന്നു. ആര്‍‌എസ്‌എസ്സിന്റെ കരുത്ത് അവിടെ കുറയുന്നത് ഏറെ ക്ഷീണം ചെയ്യുന്നത് ബിജെപിക്കാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കാലത്ത താത്പര്യം പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴില്ലെന്നാണ് സൂചന. ഉത്തര്‍പ്രദേശിലുണ്ടായ ഈ തിരിച്ചടി രാജ്യത്താകമാനം പ്രതിഫലിക്കാനാണ് സാധ്യത. 2004ല്‍ 51,000 ശാഖകളാണ് ആര്‍‌എസ്‌എസ്സിന് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ 2010ല്‍ 39,283 ആയി ഇത് ചുരുങ്ങി. അപകടം മണത്ത സംഘടനാ നേതൃത്വം 2013ല്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി. ഇതോടെ ശാഖകളുടെ എണ്ണം 44,982 ആയി കുതിച്ചുയര്‍ന്നു.

എന്നാല്‍ ഈ വളര്‍ച്ച തുടര്‍ന്ന് നിലനിര്‍ത്താന്‍ സംഘടനയ്ക്ക് കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ശാഖകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആര്‍എസ്എസ്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ എത്തിച്ചത് ആര്‍എസ്എസ് നിശബ്ദമായി നടത്തിയ പ്രവര്‍ത്തനങ്ങളായിരുന്നു. അതിനാല്‍ തന്നെ സംഘടനയുടെ ശക്തി കുറയുന്നത് ബിജെപിക്കാണ് കൂടുതല്‍ ക്ഷീണം ചെയ്യുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :