vishnu|
Last Updated:
ചൊവ്വ, 18 ഫെബ്രുവരി 2020 (13:51 IST)
മോഡി - ഒബാമ - ഗാന്ധി ഈ മൂന്നു പേരും ഒരിക്കലും തമ്മില്‍ ചേരില്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒബാമയും മോഡിയും തമ്മില്‍ ഭരണത്തലവന്മാര്‍ എന്ന സാമ്യമുണ്ട്. ഗാന്ധിയുടെ ആശയങ്ങളുമായി ഈ രണ്ട് രാഷ്‌ട്രങ്ങളിലെ ഭരണത്തലവന്മാര്‍ക്ക് എന്താണ് സാമ്യം.
രണ്ടുപേരും ഗാന്ധിയന്‍ ആദര്‍ശങ്ങളെ നിരന്തരം പ്രസംഗങ്ങളില്‍ എത്തിക്കുന്നു. എന്നാല്‍ ,പ്രവൃത്തികളില്‍ പ്രതിഫലിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാളിപ്പോകുകയും ചെയ്യുന്നു എന്നതാണ് ആ സാമ്യം. “അന്ന് ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞത് ഇന്നും സത്യമാണ് - ഗാന്ധിയുടെ ആത്മാവ് ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നു. ലോകത്തിനുള്ളൊരു സമ്മാനമാണിത്. നാം എല്ലാവരും, ലോകമെങ്ങുമുള്ള എല്ലാ രാജ്യങ്ങളും അവിടുത്തെ ജനങ്ങളും, അദേഹം പ്രചരിപ്പിച്ച സ്‌നേഹത്തിലും സമാധാനത്തിലും എന്നും ജീവിക്കാനിടവരട്ട”- രാജ്‌ഘട്ടിലെ സന്ദര്‍ശക ഡയറിയില്‍ ഒബാമ കുറിച്ചതാണ് ഇത്.
റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ വിശിഷ്ടാതിഥിയായി എത്തിയപ്പോഴാണ് ഒബാമ ഇത്തരത്തില്‍ രാജ്ഘട്ടില്‍ കുറിച്ചത്. എന്നാല്‍ ഒബാമ എന്ന വ്യക്തിയേക്കാള്‍ അമേരിക്ക എന്ന രാഷ്‌ട്രീയസ്വത്വത്തേയാണ് നമ്മള്‍ പരിഗണിക്കേണ്ടത്. ഇറാഖിലും സിറിയയിലും എന്തിനേറെ ലോകത്തുള്ള സകല തീവ്രവാദത്തിന്റെയും യുദ്ധത്തിന്റെയും കാരണക്കാരനാണ് അമേരിക്ക എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. ഒബാമ എത്തിയത് ലോക സമാധാനത്തിന്റെ വെള്ളരിപ്രാവുകളുമായി അല്ല എന്ന് വിവരമുള്ള ഏത് സാധാരണക്കാരനും മനസിലാകും.
റിപ്പബ്ലിക്‌ദിന പരേഡില്‍ പങ്കെടുക്കാന്‍ രണ്ടുമണിക്കൂര്‍ രാജ്പഥില്‍ ഇരുന്ന് മഞ്ഞുകൊണ്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ആവശ്യങ്ങളില്‍ പകുതിയും നടപ്പിലാക്കുമെന്ന് ഒബാമയ്ക്ക് ഉറപ്പ് ലഭിച്ചിരിക്കണം. ഏഴ് വര്‍ഷമായി തീര്‍പ്പാകാതിരുന്ന ആണവകരാറും, പ്രതിരോധ കരാറുകളും നടപ്പിലാക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ തന്നെ ധാരാളം. ആഗോള ആയുധ കച്ചവടത്തിന്റെയും യുദ്ധത്തിന്റെയും മൊത്തവിതരണക്കാരായ അമേരിക്കയുടെ പ്രസിഡന്റ് എത്തുന്നത് അഹിംസയുടെ ആള്‍ രൂപമായ ആ മഹാത്മാവിന്റെ അന്ത്യ വിശ്രമ സ്ഥലത്താണ് എന്ന് കേള്‍ക്കുമ്പോള്‍ ഗാന്ധിജി മാത്രമല്ല ഏത് ബുദ്ധനും ചിരിച്ചുപോകും. കാരണം ഒബാമ പഴയ ഒബാമയല്ല; എഴു വര്‍ഷത്തെ ഭരണത്തിനിടയില്‍ സാമ്രാജ്യത്വ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട ഒബാമയാണ്.
നേരെ മറിച്ച് മോഡിയുടെ കാര്യമെടുക്കാം. ഭരണമേറ്റെടുത്തതിനു ശേഷമുള്ള സ്വാതന്ത്ര്യദിനത്തില്‍ ഗാന്ധിയുടെ സ്വപ്നത്തിലുള്ള രാമരാജ്യ നിര്‍മ്മാണത്തെക്കുറിച്ചാണ് മോഡി അധികവും സംസാരിച്ചത്. മനസില്‍ ഒരു പക്ഷേ സംഘപരിവാറിന്റെ രാമരാജ്യ സങ്കല്‍പ്പം മാത്രമായിരുന്നിരിക്കണം. സ്വഛ് ഭാരത് അഭിയാന്‍ എന്ന തുറുപ്പ് ചീട്ടാണ് മോഡി പുറത്തെടുത്തത്. മാധ്യമങ്ങളില്‍ ചലനം സൃഷ്‌ടിക്കാനും സാധാരണക്കാര്‍ക്കിടയില്‍ പ്രതിഛായ ഉണ്ടാക്കാനും മോഡിക്ക് ഈ പ്രചരണത്തിലൂടെ സാധിച്ചു. എന്നാല്‍ കേവലം ഗാന്ധിസത്തിനു വിരുദ്ധമായ കുത്തക മുതലാളിത്വത്തിനു പിന്നാലെ പോകുന്ന മോഡിയെയാണ് പിന്നീട് കാണാന്‍ കഴിയുന്നത്.
ഗാന്ധിയുടെ രാമ രാജ്യത്തില്‍ സാധാരണക്കാരനും ഗ്രാമങ്ങളുമായിരുന്നു ഉള്ളതെങ്കില്‍ മോഡിയുടേത് നഗരവല്‍കൃതവും കുത്തകകളും നിറഞ്ഞ ഇന്ത്യയും. ഇന്ത്യയുടെ ആത്മാവിനെ ഗ്രാമങ്ങളില്‍ കണ്ട ഗാന്ധിയെവിടെ, പ്രതിഛായകള്‍ക്ക് പിന്നാലെ പോകുന്ന മോഡിയെവിടെ. എന്നാല്‍ പത്തുലക്ഷത്തിന്റെ സ്യൂട്ട് അണിഞ്ഞ മോഡിയേക്കാള്‍ അര്‍ഥവത്തായ ശക്തമായ സന്ദേശമാണ് രാജ്ഘട്ട് അധികൃതര്‍ ഒബാമയ്ക്ക് നല്‍കിയത്. ചര്‍ക്ക എന്ന സന്ദേശം. അതില്‍ നൂല്‍ നൂറ്റുകൊണ്ടായിരുന്നു സ്വാശ്രയത്വത്തിന്റെയും അതുവഴി കരുത്തിന്റെയും സന്ദേശം ഇന്ത്യന്‍ ജനതയ്ക്ക് ഗാന്ധി നല്‍കിയത്. ആ സന്ദേശം ജനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഉറങ്ങിക്കിടന്ന ഇന്ത്യന്‍ ജനതയുടെ ആത്മവീര്യമായിരുന്നു ഉണര്‍ന്നത്. അതിന്റെ കരുത്തില്‍ ഇംഗ്ലീഷ് പട അര്‍ധരാത്രിയില്‍ അധികാരം വിട്ടൊഴിഞ്ഞ് ഓടിപ്പോയത് ചരിത്രം.
എന്നാല്‍ മോഡി പ്രതിനിധാനം ചെയ്യുന്നത് ഏത് ആദര്‍ശത്തെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അവിടെ വിദ്വേഷത്തിന്റെ വിഷങ്ങള്‍ നാലുപാടും തുപ്പുന്ന രാവണന്മാര്‍ക്കാണ് സ്ഥാനം. മന്ത്രിസഭയിലും പിന്നാമ്പുറങ്ങളിലും, വഴികളിലും ഇപ്പോള്‍ അവര്‍ നെഞ്ചുവിരിച്ച് നിന്ന് ഗര്‍ജിക്കുന്നു. ഇന്ത്യ അവര്‍ക്ക് ഹിന്ദുരാഷ്ട്രമാക്കണമത്രെ. ഇനി ചിലര്‍ക്ക് ഇത് ഹിന്ദുരാഷ്ട്രം തന്നെയാണ്. ഇനിയും ചില കുലംകുത്തികള്‍ ഗാന്ധി ഘാതകനായ ഗോഡ്സെയെ വിശുദ്ധനാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇനി കാലം വിലയിരുത്തട്ടെ ഗാന്ധിയെന്ന സന്ദേശത്തെയും ഗാന്ധിത്തോലിട്ട ഈ രണ്ട് മുഖങ്ങളെയും.
സഹനത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും അഹിംസയുടെയും നിലയ്ക്കാത്ത പാഠങ്ങള്‍ ലോകജനതയ്ക്ക് നല്‍കിയ മഹാത്മായ, കാലം ചിരംജീവിയാക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന് ബാപ്പുജിയുടെ അറുപത്തിയേഴാം രക്തസാക്ഷിത്വ ദിനമാണിന്ന്. ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം. മാറിയ ലോകക്രമങ്ങളില്‍ നൂറ്റാണ്ടിനു മുന്നേ ഗാന്ധി പകര്‍ന്ന പാഠങ്ങള്‍ക്ക് ഒരോ ദിനവും വീര്യവും, കരുത്തും ആവശ്യകതയും ഏറിവരുന്നതും നമുക്ക് ദര്‍ശിക്കാനും സാധിക്കുന്നു. ഇന്ത്യ എന്ന ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന് വന്ന മാറ്റങ്ങളും, ഇന്ത്യയുടെ വിദേശ നയങ്ങളിലെ മാറ്റവും ഗാന്ധി സമാധി ദിനവും ഒരുമിച്ച് വരുന്നത് യാദൃശ്ചികമാകാം.
എല്ലാ അര്‍ഥത്തിലും ഇന്ത്യയ്ക്ക് അന്യമായിരുന്ന വാണിജ്യ സാമ്രാജ്യത്വത്തിന്റെ പ്രായോക്താവായ അമേരിക്ക ഇന്ത്യയുമായി ഏറെ അടുക്കാന്‍ ശ്രമിക്കുന്നതും മതേതര ഇന്ത്യയുടെ മുഖത്തേറ്റ കറയായ ഗുജറാത്ത് വംശഹത്യയുടെ പിന്നണികള്‍ ആ സാമ്രാജ്യത്വവുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നതും കാലം അതീവ കൌതുകത്തൊടെയാണ് വീക്ഷിക്കുന്നത്.