ന്യൂഡൽഹി|
VISHNU N L|
Last Modified ശനി, 23 മെയ് 2015 (18:45 IST)
പ്രതിരോധ രംഗത്ത് മോഡി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. വിമുക്ത ഭടന്മാര്‍ക്ക് ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ കുറ്റകരമായ വീഴ്ച്ചയാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. പ്രതിരോധ വിഹിതം കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു ആന്റണി ആരോപിച്ചു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാലുടന്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അറിയിച്ചു.
കര്‍ഷക പ്രശ്നങ്ങള്‍ക്കും ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിനും പിന്നാലെ രാജ്യസുരക്ഷ വിഷയങ്ങളുയര്‍ത്തി നരേന്ദ്രമോഡി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് കോണ്‍ഗ്രസ്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമുക്ത ഭടന്മാരുമായും സൈനികരുടെ വിധവകളുമായും ചര്‍ച്ച നടത്തി. പദ്ധതി നടപ്പാക്കുമെന്ന ലോക്സഭാ തിരഞ്ഞെടുപ്പുവേളയിലെ നരേന്ദ്രമോദിയുടെ പ്രഖ്യാപനം പാഴ്‌വാക്കായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തുക യുപിഎ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.