ന്യൂയോര്‍ക്ക്|
Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (08:46 IST)
അമേരിക്കയിലും മോഡി തരംഗം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ഉയര്‍ന്നുകേട്ട 'ഹര ഹര മോഡി' വിളികളോടെയാണ് ന്യൂയോര്‍ക്കില്‍ മോഡിയെ വരവേറ്റത്. ജനങ്ങളുടെ ആവേശം കണ്ട പ്രധാനമന്ത്രി നരേന്ദ്രമോഡി സുരക്ഷാ പ്രശ്‌നങ്ങള്‍ അവഗണിച്ച് അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു.
വരും മാസങ്ങളില്‍ ഇന്ത്യയുടെ മാറ്റം ലോകത്തിന് മനസിലാവുമെന്നും
അമേരിക്ക ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാണെന്നും മോഡി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ലോകജനതയുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കും. 'മേക്ക് ഇന്‍ ഇന്ത്യ' നടപ്പാക്കാന്‍ എന്തുനടപടിയും സ്വീകരിക്കുമെന്നും മോഡി അമേരിക്കന്‍ സന്ദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യ യുഎസ് സന്ദര്‍ശനത്തിനായി ന്യൂയോര്‍ക്കില്‍ വെളളിയാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1:30ന് ആണ് മോഡി എത്തിയത്. അപ്പോഴേക്കും മാഡിസണ്‍ സ്‌ക്വയര്‍ പ്രദേശത്ത് മോഡിക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്ന ഹോട്ടലിനു വെളിയില്‍ ഇന്ത്യക്കാരുടെ ഒരു വലിയ സംഘം തടിച്ചുകൂടിയിരുന്നു. മോഡി എത്തിച്ചേര്‍ന്നതോടെ 'ഹര ഹര മോഡി' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ സംഘം കടുത്ത ആവേശത്തിലായി.
'ഞങ്ങള്‍ മോഡിയെ സ്‌നേഹിക്കുന്നു', ' അമേരിക്ക മോഡിയെ സ്‌നേഹിക്കുന്നു' എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയും വന്ദേമാതരം ചൊല്ലിയും പ്രധാനമന്ത്രിയെ ഇന്ത്യന്‍ വംശജര്‍ കാത്തുനിന്നു. അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് മോഡി ഇറങ്ങി ചെന്നത്. ബാരിക്കേഡുകള്‍ ഭേദിച്ച് മോഡിയുടെ യാത്ര സുക്ഷാഉദ്യോഗസ്‌ഥരെ അമ്പരിപ്പിച്ചു. എന്നാല്‍, ഇന്ത്യന്‍ വംശജര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മോഡി മുന്നോട്ടുനീങ്ങി.