ജെ പി നദ്ദ ബിജെപി അധ്യക്ഷനായേക്കും

ന്യൂഡല്‍ഹി| Last Modified ശനി, 24 മെയ് 2014 (11:09 IST)
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. രാജ്‌നാഥ് സിംഗ് സുപ്രധാന വകുപ്പുമായി മോഡി മന്ത്രിസഭയില്‍ അംഗമായാല്‍ പകരം പാര്‍ട്ടി അധ്യക്ഷനായി ജെ പി നദ്ദ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചാണക്യപുരിയിലെ ഗുജറാത്ത് ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ മോഡിയുടെ വിശ്വസ്തനായ അമിത് ഷായും പങ്കെടുത്തു. നിലവില്‍ ബിജെപി ആസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് രാജ്യസഭാംഗം കൂടിയായ നദ്ദ. ബിജെപിയില്‍ രണ്ടാംനിര നേതാക്കളുടെ പിന്‍ബലവും ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയുമാണ് നദ്ദയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്.

മോഡിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളില്‍ ഒരാളാണ് നദ്ദ. മുമ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി മോഡി ഹിമാചലിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് നദ്ദയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചത്. നദ്ദ അവിടെ പ്രേംകുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. പിന്നീട് മന്ത്രിസ്ഥാനം രാജിവെച്ച് ഗഡ്ഗരി ടീമിന്റെ ഭാഗമായി ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുമ്പ് രാജ്‌നാഥ് സിംഗിന്റെ പിന്‍ഗാമിയായി നിതിന്‍ ഗഡ്കരിയെ പാര്‍ട്ടി അധ്യക്ഷനാക്കിയതും ആര്‍എസ്എസിന്റെ ചരടുവലിയായിരുന്നു. ഇത്തവണയും ആ നീക്കങ്ങള്‍ തന്നെയാണ് നദ്ദയുടെയും പിന്‍‌ബലം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :