മന്ത്രിമാര്‍ക്കും പ്രോഗ്രസ് കാര്‍ഡ്; രാജ്യം മോഡി അടക്കി ഭരിക്കും?

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വെള്ളി, 23 മെയ് 2014 (16:48 IST)
വകുപ്പുകള്‍ തമ്മില്‍ ലയിപ്പിച്ച് ജംബൊ വകുപ്പുകള്‍ ഉണ്ടാക്കുന്നതിനു പുറമെ മന്ത്രിമാര്‍ക്ക് പ്രോഗ്രസ് കാര്‍ഡ് ഏര്‍പ്പെടുത്താനും നരേന്ദ്രമോഡിയുടെ തീരുമാനം. ഇതിനായി എല്ലാ വകുപ്പുകള്‍ക്കുമേലും കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുതകുന്ന വിധത്തില്‍ ജംബോ പിഎംഓ(പ്രധാനമന്ത്രിയുടെ ഓഫീസ്)യാണ് മോഡി ഒരുക്കുന്നതെന്നാണു സൂചനകള്‍.

ആറുമാസം അല്ലെങ്കില്‍ ഒരു വര്‍ഷം എടുക്കുന്ന തീരുമ്മനങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് ഇനി മന്ത്രിമാര്‍ നല്‍കേണ്ടി വരും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മന്ത്രിമാര്‍ കാബിനെറ്റില്‍ നിന്ന് പുറത്തായേക്കുമെന്നാണ് സൂചന.

മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലുണ്ടായിരുന്ന നിരവധി വകുപ്പുകള്‍ വെട്ടിക്കുറയ്ക്കാനാണ് മോഡിയുടെ നീക്കം. യുപിഎയില്‍ സഹമന്ത്രിമാര്‍ അടക്കം 78 മന്ത്രിമാരുണ്ടായിരുന്നത് 50 ആക്കി ചുരുക്കിയേക്കും. പകരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ കൂടുതല്‍ നിയമനങ്ങളുണ്ടാകും.

ഗുജറാത്ത് കേഡറില്‍ നിന്നുള്ള മലയാളിയായ കെ. കൈലാസനാഥന്‍, എകെ ശര്‍മ, എകെ ജോയതി എന്നിവരില്‍നിന്ന് രണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ പിഎംഓയില്‍ ഉണ്ടായേക്കും. മുന്‍ റോ തലവന്‍ എകെ ഡോവലിനെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ആലോചിക്കുന്നത്. മുന്‍ ട്രായി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ ദീപക് ഭട്ടാചാര്യ എന്നിവരുള്‍പ്പെടെയുള്ളവര്‍ പിഎംഓയില്‍ ഉണ്ടാകും.

സഖ്യകക്ഷികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലും ബിജെപിയുടെ സഹമന്ത്രിമാരെ നിയോഗിക്കാനും ആലോചനയുണ്ട്. ഇന്നു രാത്രി മോഡി ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നാല്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ വകുപ്പ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാകും എന്നാണ് അറിയുന്നത്.

പിഎംഓയില്‍ ആറ് ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കുന്നതു വഴി പ്രധാന വകുപ്പുകളിലേക്ക് തന്റെ നോട്ടമെത്തിക്കാനും മോഡി ആലോചിക്കുന്നുണ്ട്. ആഭ്യന്തര സുരക്ഷ, വിദേശകാര്യം, സാമ്പത്തികകാര്യം, സാമൂഹ്യ മേഖല, അടിസ്ഥാന വികസനം, അക്കൗണ്ട്‌സ് തുടങ്ങിയ വകുപ്പുകളിലായിരിക്കും ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :