ഉലാന്‍ ബാതര്‍|
Last Modified ഞായര്‍, 17 മെയ് 2015 (13:06 IST)
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി മംഗോളിയയിലെത്തി. മംഗോളിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്ക്കുമായി
ഇന്ത്യ 100 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് നരേന്ദ്രമോഡി അറിയിച്ചു. മോഡി ഇന്ന് മംഗോളിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഏഷ്യ-പസഫിക് പ്രദേശത്ത് സമാധാനവും സ്ഥിരതയും നിലനിര്‍ത്താനായി മംഗോളിയയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തികുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തെ പുതിയൊരു തലത്തിലേക്കെത്തിക്കുമെന്നും മോഡി പറഞ്ഞു.മംഗോളിയന്‍ പ്രധാനമന്ത്രി ഷിമഡ് സെയ്കന്‍ബ്ലിഗുമായും മോഡി കൂടിക്കാഴ്ച നടത്തി.
മംഗോളിയയുടെ ജനാധിപത്യത്തിന്റെ 25 ആം വാര്‍ഷികാഘോഷവും ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതിന്റെ 60 ആം വാര്‍ഷികാഘോഷവും നടക്കുന്ന ഈ സമയത്ത്
മംഗോളിയ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടനാണ്. തന്നെ ആദരിക്കുവാനുള്ള മംഗോളിയന്‍ പാര്‍ലമെന്റിന്റെ തീരുമാനം ഇന്ത്യയ്ക്ക് ലഭിച്ച ആദരവാണെന്നും മോഡി പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായതായി കൂടിക്കാഴ്ചയ്ക്കുശേഷം ഷിമഡ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ 14 സുപ്രധാന കരാറുകളിലും ഒപ്പിട്ടു. മംഗോളിയയിലെ സ്വകാര്യമേഖലയില്‍ നിക്ഷേപം നടത്താനും ധാരണയായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മംഗോളിയയില്‍ സന്ദര്‍ശനം നടത്തുന്നത്.