രേണുക വേണു|
Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (12:40 IST)
M.K.Stalin: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ മഹാസഖ്യത്തിന് ദക്ഷിണേന്ത്യയില്‍ നിന്ന് പദ്ധതികള്‍ മെനയുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സ്റ്റാലിനില്‍ നിക്ഷിപ്തമായിരിക്കുന്നത്. സ്റ്റാലിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റ് നേതാക്കളും നിര്‍ബന്ധിതരാകുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാനും ചില നേതാക്കള്‍ ആലോചിക്കുന്നുണ്ട്.
സ്റ്റാലിന്റെ 70-ാം ജന്മദിനാഘോഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിന് ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നു.
ബിജെപി വിരുദ്ധ ജനങ്ങള്‍ക്കിടയില്‍ സ്റ്റാലിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. സ്റ്റാലിന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ അത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നത്. സ്റ്റാലിന്‍ ദേശീയതലത്തിലേക്ക് ഉയരുമെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. സ്റ്റാലിന്‍ പ്രധാനമന്ത്രിയാകുന്നതില്‍ എന്താണ് തെറ്റെന്ന് ഫാറൂഖ് അബ്ദുള്ളയും ചോദിക്കുന്നു. പ്രതിപക്ഷത്തെ ഒന്നിച്ചു കൊണ്ടുവരുന്നതില്‍ സ്റ്റാലിന്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും അത് തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയട്ടെ എന്നും ഫാറൂഖ് അബ്ദുള്ള ആശംസിച്ചു.
പ്രധാനമന്ത്രി സ്ഥാനത്തിനു വേണ്ടി വാശിപിടിക്കാന്‍ ഇത്തവണ കോണ്‍ഗ്രസും തയ്യാറല്ല. വിഘടനവാദികള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോള്‍ പ്രധാനമന്ത്രി ആരാകണമെന്നത് പ്രസക്തമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. അതായത് പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രധാനിയാകാനും അതുവഴി പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി അടിപിടികൂടാനും കോണ്‍ഗ്രസ് ഒരുക്കമല്ലെന്ന് സാരം.