ബിടിഎസിനെ കാണാൻ കുടുക്ക പൊട്ടിച്ച 14,000 രൂപയുമായി വിശാഖപട്ടണത്ത് നിന്ന് കപ്പൽ വഴി കൊറിയയിലേയ്ക്കെത്താൻ പെൺകുട്ടികൾ, പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

BTS, BTS fans,Minor girls escaped home for BTS show
അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജനുവരി 2024 (15:36 IST)
കൊറിയന്‍ ഗായകസംഘമായ ബിടിഎസിനെ കാണാന്‍ വീട് വിട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ കൊറിയയില്‍ പോകാന്‍ ആദ്യം പദ്ധതിയിട്ടത് ഡിസംബറിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഏറെനാളായി കൊണ്ടുനടന്ന് ആഗ്രഹം പൂര്‍ത്തിയാക്കാനായി 14,000 രൂപയുമായി 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയത്. എന്നാല്‍ വെല്ലൂര്‍ കാട്പാടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവരെ കണ്ടെത്തിയതോടെ പ്ലാന്‍ പൊളിയുകയായിരുന്നു.

തമിഴ്‌നാട് കരൂര്‍ സ്വദേശികളാണ് 3 പെണ്‍കുട്ടികളും. ഇവരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്. ട്രെയിന്‍ മാര്‍ഗം ഈറോഡില്‍ നിന്നും ചെന്നൈയിലെത്തി അവിടെ നിന്നും വിശാഖപട്ടണത്തിലേയ്ക്കും തുടര്‍ന്ന് കപ്പല്‍ മാര്‍ഗം കൊറിയയിലേയ്ക്കും എത്താനായിരുന്നു പെണ്‍കുട്ടികള്‍ പദ്ധതിയിട്ടത്. എന്നാല്‍ യാത്ര തുടങ്ങിയതിന് ശേഷം കാര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ തിരികെ വീട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടികള്‍ റെയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൊറിയയിലേക്ക് പോകുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞാണ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിപോകാന്‍ തീരുമാനിച്ചത്.

കാട്പാടി സ്‌റ്റേഷനില്‍ ഇവര്‍ക്ക് പോകേണ്ട ട്രെയില്‍ സ്‌റ്റേഷന്‍ വിട്ട് പോയിരുന്നു. ഇതിനെ തുടര്‍ന്ന് 3 പെണ്‍കുട്ടികളും സ്‌റ്റേഷനില്‍ തങ്ങുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ റെയില്‍വേ പോലീസ് കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് പെണ്‍കുട്ടികള്‍ ഗായകസംഘത്തെ കാണാനായി പുറപ്പെട്ടതാണെന്ന് മനസിലായത്. വ്യാഴാഴ്ച വീട് വിട്ട പെണ്‍കുട്ടികള്‍ ആദ്യം ചെന്നൈയിലെത്തി. 1200 രൂപ കൊടുത്ത് മുറിയെടുത്ത് താമസിച്ചു. ഒരു ദിവസത്തെ താമസം കഴിഞ്ഞപ്പോള്‍ തന്നെ ക്ഷീണിതരായി. ഇതോടെ കൊറിയന്‍ മോഹം ഉപേക്ഷിച്ച് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തിരിച്ച് നാട്ടില്‍ പോകുന്നതിനിടെ ചായ കുടിക്കാന്‍ കട്പാടി സ്‌റ്റേഷനില്‍ ഇറങ്ങുകയും ട്രെയിന്‍ നഷ്ടമാകുകയുമായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനില്‍ കുടുങ്ങിയതോടെയാണ് പെണ്‍കുട്ടികള്‍ റെയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :