‘ഇന്ത്യന്‍ ലുക്ക്’ അത്ര പോരാ; താജ്‌മഹല്‍ കാണാനെത്തിയ വിദ്യാര്‍ത്ഥികളെ ഗേറ്റില്‍ വിലക്കി

താജ്‌മഹല്‍ കാണാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ ഗേറ്റില്‍ തടഞ്ഞു

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 10 ജനുവരി 2017 (14:19 IST)
വിദേശികളാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് താജ്‌മഹല്‍ കാണാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ ഗേറ്റില്‍ തടഞ്ഞു. മണിപ്പൂരില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമായ ചരിത്രസ്മാരകത്തിനു മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ടി വന്നത്.

സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞത്. തുടര്‍ന്ന് ഇവരോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കയോളജിക്കല്‍ സര്‍വ്വേ ഓഫ് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇംഫാലിലെ കേന്ദ്ര അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുര്യോഗം നേരിട്ടത്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ, പഠനത്തിന് ഒപ്പമുള്ള ഓള്‍ ഇന്ത്യ എഡ്യുക്കേഷണല്‍ ടൂറിന്റെ ഭാഗമായിട്ട് ആയിരുന്നു വിദ്യാര്‍ത്ഥികള്‍ താജ്‌മഹല്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ പ്രവേശനകവാടത്തില്‍ എത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. വിദേശികളായി തോന്നുന്നതിനാല്‍ ഇന്ത്യക്കാരെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു ആവശ്യം.

താജ്‌മഹലില്‍ സ്വദേശികളില്‍ നിന്ന് 40 രൂപ പ്രവേശനടിക്കറ്റിനായി ഈടാക്കുമ്പോള്‍ 1000 രൂപയാണ് വിദേശ സന്ദര്‍ശകരില്‍ നിന്ന് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികളെ വിദേശികള്‍ എന്ന് സംശയിച്ച് തടയുന്നതിന് ഇടയാക്കിയ കാരണങ്ങളില്‍ ഒന്നാണിത്.

വിദ്യാര്‍ത്ഥികള്‍ അവരുടെ ഐ ഡി കാര്‍ഡും നാഷണല്‍ ടൂറില്‍ ആണെന്നുള്ള കത്തും ഹാജരാക്കിയെങ്കിലും
സുരക്ഷാ ഉദ്യോഗസ്ഥര്‍ അയഞ്ഞില്ല. ഇത് സുരക്ഷ ഉദ്യോഗസ്ഥരും സംഘത്തിന് ഒപ്പമുണ്ടായിരുന്ന ഒരു പ്രൊഫസറും തമ്മിലുള്ള വാഗ്വാദത്തിനും കാരണമായി. തുടര്‍ന്ന്, ആധാര്‍ കാര്‍ഡ് കാണിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി നല്കിയത്. പിന്നീട്, പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് മറ്റ് കുട്ടികള്‍ക്കും അനുമതി നല്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :